തേഞ്ഞിപ്പലം സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ദുര്‍ബലമാകുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഗവേഷണങ്ങള്‍ പ്രധാന്യത്തോടെ നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല കാംപസില്‍ നടന്ന ഇരുപത്തി എട്ടാമത് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നന്മയിലും പുരോഗതിയിലും ഊന്നിയ ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്ന് മുഖ്യ മന്ത്രി അറിയിച്ചു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും ശാസ്ത്രജ്ഞരെ ആദരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ വ്യതിയാനം ഏറെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വേദിയായി കേരള ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള പരിപാടികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
പഠനകാലത്ത് സംരംഭകരാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന ‘സ്റ്റാര്‍ട്ടപ്’ പദ്ധതി ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഇന്നവേഷന്‍ കൗണ്‍സിലും ശാസ്ത്ര രംഗത്ത് സംരംഭകരാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2015 ലെ യുവശാസ്ത്രജ്ഞ അവാര്‍ഡിന് അര്‍ഹരായ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളെജ് അസി. പ്രോഫസര്‍ ഡോ. ആര്‍. ജയകൃഷ്ണന്‍, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോ. ആര്‍.എസ്. സ്വാതി, മാള കാര്‍മല്‍ കോളെജ് അസി. പ്രൊഫസര്‍ ഡോ. ഇ.പി. ശ്രീദേവി, നാഷനല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജി സയന്റിസ്റ്റ് ഡോ, പി. ജയമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. അഡ്വാന്‍സ്ഡ് എനര്‍ജി സിസ്റ്റംസ് ഡിവിഷന്‍ ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ഡോ. ബിബിന്‍ ജോണ്‍ എന്നിവര്‍ക്ക് 50,000 വീതവും വിദേശത്ത് നടക്കുന്ന അന്തര്‍ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവും സമ്മാനിച്ചു.
2015 ലെ ഡോ. എസ്. വാസുദേവ് അവാര്‍ഡിന് അര്‍ഹയായ തിരുവനന്തപുരം കാന്‍സര്‍ റിസര്‍ച്ച് ഡിവിഷന്‍ സെന്റര്‍ അസി. പ്രോഫസര്‍ ഡോ. ടി.ടി. ശ്രീലേഖക്ക് അവാര്‍ഡ് തുകയായ 50 ലക്ഷവും മുഖ്യമന്ത്രി കൈമാറി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പുറത്തിറക്കിയ ശാസ്ത്ര മാഗസിന്‍, ശാസ്ത്ര കോണ്‍ഗ്രസ് വാര്‍ത്താ പത്രിക എന്നിവയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പരിപാടിയില്‍ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എണ്‍വയോണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അധ്യക്ഷനായി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് മെമ്പര്‍ സെക്രട്ടറി പ്രൊഫ. ജോര്‍ജ്ജ് വര്‍ഗീസ്, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എന്‍.ബി. നരസിംഹ പ്രസാദ്, ജനറല്‍ കണ്‍വീനര്‍ ഡോ. പി. ഹരിനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
