മൂന്നാര്‍: മൂന്നാര്‍ മേഖലയിലെ കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മൂന്നാറിലെയും വട്ടവടയിലെയും കൈയ്യേറ്റ ഭൂമിയിലെ യു.ഡി.എഫ് സംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മൂന്നാറില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ലയിലെ കൈയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങളെ കൂട്ടിക്കുഴയ്ക്കരുത്. യു.ഡിഎഫ് എല്ലായ്പ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാട് യു.ഡി.എഫിനില്ല. ജോയ്സ് ജോര്‍ജ് എം.പിയുടെ ഭൂമി കൈയ്യേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. കൈയ്യേറ്റമല്ലെങ്കില് ജോയ്സ് ജോര്‍ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്‍കിടക്കാരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് തുറന്ന് കാട്ടുമെന്നും അത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൈയ്യേറ്റക്കാരെ കൂടെയിരുത്തിക്കൊണ്ടാണ് മന്ത്രിതല സംഘം ചര്‍ച്ച നടത്തിയത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് മന്ത്രിമാരും മൂന്ന് റിപ്പോര്‍ട്ടാണ് കൊടുത്ത്. വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
