സി.പി.എമ്മുകാര്‍ ദേശദ്രോഹികള്‍, ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടങ്ങള്‍ മറികടന്ന് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്തെത്തി.

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേതെന്ന് അദ്ദേഹം ആരോപിച്ചു. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എം. ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗവീരന്മാരാണെന്നു പറഞ്ഞ കോടിയേരിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓലപ്പാമ്ബു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസല്ലെന്ന് പിണറായി ഓര്‍ക്കുന്നത് നല്ലത്. ഇതു ജനുസു വേറെയാണ് സഖാവേ എന്നുമാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാടെത്തിയ മോഹന്‍ ഭഗവത് പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹൈസ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വന്‍ വിവാദമായിരുന്നു. ചട്ടമനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ല.

സ്‌കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്കോ ആണ് പതാക ഉയര്‍ത്താന്‍ അനുമതിയുള്ളത്. കൂടാതെ പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം ആലപിക്കണമെന്നും ചട്ടമുണ്ട്. എന്നാല്‍ പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരമാണ് ആലപിച്ചത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *