മലപ്പുറം: സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ മലപ്പുറത്ത് ശക്തമായ പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകള്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി വീശി.മലപ്പുറത്ത് വിവിധ പരിപാടികള്‍ക്കെത്തിയ ഉമ്മന്‍ചാണ്ടിയെ തടയാനും പ്രതിഷേധിക്കാനുമായി ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയിരുന്നു. കനത്ത പോലീസ് കാവലിലാണ് മുഖ്യമന്ത്രി നേരത്തെ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളില്‍ പങ്കെടുത്തത്. തേഞ്ഞിപ്പലത്ത് കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ എത്തിയ മുഖ്യമന്ത്രിയെ വരവേറ്റത് ഇടതു സംഘടനകളുടെ പ്രവര്‍ത്തകരുടെ പ്രതിഷേധമാണ്. ഇരുപത്തിയെട്ടാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്വഹിക്കാണ് മുഖ്യമന്ത്രി സര്‍വ്വകലാശാലയില്‍ എത്തിയത്. സെമിനാര്‍ കോംപ്ലക്സിനു ഗേറ്റിനു പുറത്തു മുഖ്യമന്ത്രി എത്തിയ ഉടന്‍ തന്നെ മുദ്രാവാക്യം വിളികളുയര്‍ന്നു. ഉടനെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.
മുഖ്യമന്ത്രിയുടെ സുരക്ഷ മുന്നില്‍കണ്ട് സര്‍വകലാശാ കാമ്പസില്‍ ശക്തമായ പോലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു.മുഖ്യമന്ത്രി എത്തുന്നതിനു മുമ്പു തന്നെ മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. വിജയന്റെ നേതൃത്വത്തില്‍ നൂറിലധികം പോലീസുകാര്‍ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. പോലീസിനു പുറമെ മുഖ്യമന്ത്രിക്കു പിന്തുണയുമായി യുഡിഎഫ് അനുകൂല വിദ്യാര്‍ഥി സംഘടനകളും സര്‍വകലാശാലയില്‍ എത്തിയിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു രാവിലെ പത്തരയോടെയാണ് മുഖ്യമന്ത്രി മടങ്ങിയത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര് സ്്്മാരകത്തില് പരിപാടിക്കെത്തിയ മുഖ്യമന്ത്രിക്കെതിരെ ഇടതു സംഘടനപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കനത്ത പോലീസ് വലയത്തിലാണ് മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ പരിപാടി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും മേലാറ്റൂരിലെയും പരിപാടികളില്‍ പ്രതിഷേധങ്ങളില്ലാതെ മുഖ്യമന്ത്രി പങ്കെടുത്തു. ഉച്ചയോടെ നിലമ്പൂരിനടുത്ത പൂക്കോട്ടുംപാടത്തെത്തിയ മുഖ്യമന്ത്രിക്കും ഒപ്പമുണ്ടായിരുന്ന മന്ത്രി ആര്യാടന് മുഹമ്മദിനും നേരെ പ്രതിഷേധമുയര്‍ന്നു. പൂക്കോട്ടുംപാടം ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിനെത്തിയ ഉമ്മന്‍ ചാണ്ടിക്കും ഊര്‍ജ്ജ മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.
സ്കൂള്‍ പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ സംഘടിച്ചിരുന്നു. ആദ്യമെത്തിയ ആര്യാടന് മുഹമ്മദിനെതിരെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയെങ്കിലും പോലീസ് ലാത്തി വീശി ഓടിച്ചു. തുടര്‍ന്ന് എത്തിയ മുഖ്യമന്ത്രിക്ക് നേരെ സ്കൂള്‍ കവാടത്തിനരികില്‍ വെച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തു. പോലീസ് ഇവരെ പിന്നീട് ലാത്തി വീശി ഓടിക്കുകയായിരുന്നു. ഇതിനിടെ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് നേരിയ സംഘര്‍ഷം സൃഷ്ടിച്ചു. പരിപാടി കഴിഞ്ഞ് പോകുന്ന മുഖ്യമന്ത്രിക്ക് നേരെ സി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സ്കൂള്‍ പരിസരത്തു നിന്ന് പിരിഞ്ഞ് പോയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടം ടൗണില്‍ പ്രകടനം നടത്തി.
