അരീക്കോട്: നിര്‍മാണം പുരോഗമിക്കുന്ന അരീക്കോട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ടര്‍ഫ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. ഇതിനായി 4.46 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 11 കോടി രൂപയിലേറെ മുടക്കിയാണ് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആസ്ഥാനമായ അരീക്കോട് അത്യാധുനിക രീതിയിലുള്ള സിന്തറ്റിക് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്.
ഈ ഫണ്ട് ലഭിക്കുന്നതോടെ സ്റ്റേഡിയം നിര്‍മാണം അതിന്റെ അവസാന ഘടത്തിലേക്ക് കടക്കുമെന്ന് പി കെ ബഷീര്‍ എം. എല്‍ എ അറിയിച്ചു. സിന്തറ്റിക് ടര്‍ഫ് നിര്‍മിക്കുന്നതിനാവശ്യമായ ടെന്‍ഡര്‍ ഉടന്‍ തന്നെ വിളിക്കും. മെയ് മാസത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം എല്‍ എ അറിയിച്ചു.
മലബാറിലെ ആദ്യത്തെ സിന്തറ്റിക് ടര്‍ഫ് സ്റ്റേഡിയമാണ് അരീക്കോട് നിര്‍മിക്കുന്നത്. 6,58,43,000 രൂപ വിവിധ ഘട്ടങ്ങളിലായി സ്റ്റേഡിയം നിര്‍മാണത്തിന് അനുവദിച്ചിട്ടുണ്ട്. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മറ്റു പല സര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്നുമാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കായികയുവജന വകുപ്പ് 2.98 കോടി രൂപയും, എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.50 കോടി രൂപയും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കൂടാതെ എം പി ഫണ്ടും സ്റ്റേഡിയം നിര്‍മാണത്തിനായി വിനിയോഗിച്ചു.
2013ലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. അത്യാധുനിക രീതിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫോടെ സ്റ്റേഡിയം നവീകരിക്കുകയായിരുന്നു ലക്ഷ്യം. വര്‍ഷങ്ങളായി അരീക്കോട് ഭാഗത്തുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ആവശ്യമായിരുന്നു അരീക്കോട് സ്റ്റേഡിയം നവീകരണം. പി കെ ബഷീര്‍ എം എല്‍ എ മുന്‍കൈയെടുത്താണ് പദ്ധതി രൂപീകരിച്ചതും, അതിനുള്ള ഫണ്ട് കണ്ടെത്തിയതും.
സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ വിവിധ ദേശീയ മല്‍സരങ്ങളും, സംസ്ഥാന മല്‍സരങ്ങളും ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് എം എല്‍ എ അറിയിച്ചു. ഇന്ത്യയുടെ തന്നെ അഭിമാന താരങ്ങളായ ഒട്ടേറെ ഫുട്‌ബോള്‍ പ്രേമികളെ സമ്മാനിച്ച അരീക്കോടിന് കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഈ സ്റ്റേഡിയം സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
