ബിജെപിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി

കോട്ടയം: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും സിപിഐഎമ്മിന് ഒരു പോലെ ശത്രുക്കളാണെന്നും മുഖ്യശത്രു ബിജെപിയാണെന്നും കോടിയേരി പറഞ്ഞു. ബിജെപിക്ക് നേതാക്കന്‍മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. സിപിഐഎം കോട്ടയം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല. സാമ്രാജ്യത്വ അനുകൂലനയമാണ് ബിജെപി സ്വീകരിക്കുന്നത്. അധികാരത്തണലില്‍ ആര്‍എസ്എസ് വത്കരണമാണ് ബിജെപി നടത്തുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.

നോട്ടുനിരോധനത്തിന്റെ ഗുണം ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. കേന്ദ്രത്തിന്റെ ചരക്കുസേവന നികുതി പരിഷ്‌കാരം സംസ്ഥാനത്തിന്റെ വികസനങ്ങള്‍ക്ക് തിരിച്ചടി ആയിരക്കുകയാണ്. ബിജെപി ഭരണത്തില്‍ രാജ്യത്തെ വ്യവസായഉത്പാദന മേഖലകള്‍ തളര്‍ച്ചയിലാണ്. കാര്‍ഷിക മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചിരിക്കുകയാണ്. കോടിയേരി പറഞ്ഞു.

രാജ്യത്ത് അസമത്വം വര്‍ധിച്ചതാണ് മോദി ഭരണത്തിന്റെ പ്രത്യേകതയെന്ന് കോടിയേരി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രസാര്‍ ഭാരതിയെ ആര്‍എസ്എസിന്റെ പ്രചാരണ ഉപാധിയാക്കി മാറ്റി. വര്‍ഗീയത ശക്തിപ്രാപിച്ചതോടെ സ്വൈര്യജീവിതം തകര്‍ന്ന രാജ്യമായി ഇന്ത്യമാറിയിരിക്കുകയാണ്. ബിജെപിയെ പുറത്താക്കാനുള്ള ഏതവസരവും സിപിഐഎം ഉപയോഗിക്കും. ബിജെപിയുടെ സാമ്ബത്തിക നയങ്ങള്‍ക്കും വര്‍ഗീയതയക്കുമെതിരെ സിപിഐഎം ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *