മുജാഹിദുകള്‍ക്ക് മറുപടിയായി കൂരിയാട്ട് സുന്നി സമ്മേളനം

മലപ്പുറം: മുജാഹിദ് സമ്മേളനത്തിന് മറുപടിയായി കൂരിയാട്ട് ഇ.കെ.വിഭാഗം സമസ്ത ബദല്‍ സമ്മേളനം നടത്തുന്നു. ജനുവരി 11 നാണ് വിശദീകരണ സമ്മേളനം. കഴിഞ്ഞ ദിവസങ്ങളില്‍ കൂരിയാട്ട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമസ്തയുടെ എതിര്‍പ്പ് ലംഘിച്ച് പങ്കെടുത്തത് സമസ്തയിലുണ്ടാക്കിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബദല്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.

പാണക്കാട് കുടുംബാംഗങ്ങളോട് വിശദീകരണം തേടാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍,വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് എന്നിവരെ അധികാരപ്പെടുത്തി. ചേളാരിയില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ വിവിധ സെഷനുകളിലായാണ് പാണക്കാട് തങ്ങള്‍ കുടുംബാംഗങ്ങളും സമസ്തയുടെ പോഷകസംഘടനകളുടെ ഭാരവാഹികളുമായ റഷീദലി തങ്ങളും മുനവ്വറലി തങ്ങളും പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് ഗൗനിക്കാതെയാണ് ഇരുവരും സമ്മേളനത്തിനെത്തിയത്. തങ്ങള്‍ കുടുംബാംഗങ്ങളുടെ നടപടി ഇ.കെ.വിഭാഗം സമസ്തയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ നടന്ന സമസ്തയുടെ ചില ചടങ്ങുകളില്‍ നിന്ന് ഇവരെ വിലക്കുകയും ചെയ്തു. പ്രശ്‌നം സംഘടനക്കുള്ളില്‍ സജീവ ചര്‍ച്ചയാവുകയും മാധ്യമങ്ങളിലൂടെ വിവാദമുയരുകയും ചെയ്ത സാഹചര്യത്തിലാണ് സമസ്ത നേതൃത്വം അടിയന്തിരമായി ചേളാരിയില്‍ യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *