മോഡി-ഷാ രഥയോട്ടത്തെ കർണാടകയിൽ സിദ്ധരാമയ്യ പ്രതിരോധിക്കുന്നത് ഇങ്ങിനെ

കർണാടകയിൽ പത്രക്കാർക്കിടയിൽ പ്രചരിക്കുന്ന ഒരു കഥയുണ്ട്, അതിങ്ങനെ – 2017 ഓഗസ്റ്റിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉന്നത സംസ്ഥാന നേതാക്കളുടെ ഒരു യോഗം വിളിക്കുന്നു. 224 അംഗ നിയമസഭയിൽ എത്ര സീറ്റ്‌ ബിജെപിക്ക് ലഭിക്കുമെന്ന് ചോദിക്കുന്നു. ഗുജറാത്തിലെ അവകാശവാദം വച്ചാകാം 150 എന്ന് നേതാക്കൾ ഒരേ സമയം വിളിച്ചു പറയുന്നു. അമിത് ഷാ പുഞ്ചിരിക്കും എന്ന് കരുതിയെങ്കിൽ തെറ്റി. ഇപ്പോൾ തെരെഞ്ഞെടുപ്പ് നടക്കുമെങ്കിൽ 80 സീറ്റിൽ കൂടില്ല എന്നായിരുന്നു അമിത് ഷായുടെ മറുപടി.

 

അഞ്ചു മാസമായി മിഷൻ 150 എന്ന മുദ്രാവാക്യം കർണാടക ബിജെപി നേതാക്കളിൽ നിന്ന് കേൾക്കാനില്ല. മിഷൻ 150 മുദ്രാവാക്യമുയർത്തിയ ഗുജറാത്തിൽ എണ്ണം 99ൽ ഒതുങ്ങി താനും.

 

ഗുജറാത്തിലെ വിജയം കർണാടകയിൽ താങ്ങാകുമെന്നു ബിജെപി നേതാക്കൾ പറയുന്നുണ്ടെങ്കിലും അത്ര ആത്മവിശ്വാസമില്ല. ഹൽവയും മത്തിക്കറിയും പോലെ വൈജാത്യമുണ്ട് ഗുജറാത്തും കർണാടകയും തമ്മിൽ. രാഷ്ട്രീയ കാലാവസ്ഥ രണ്ടും രണ്ട്. ഭരണത്തിലിരിക്കുന്ന കോൺഗ്രസിനെതിരെ സ്വാഭാവികമായുണ്ടാകുന്ന ഭരണ വിരുദ്ധ വികാരമുണ്ടാകാം. എന്നാൽ അതിനെ ജനപ്രിയ പദ്ധതികൾ കൊണ്ട് മറികടക്കുകയാണ് സിദ്ധരാമയ്യ സർക്കാർ.

 

പാവങ്ങൾക്ക് സൗജന്യ അരി, ഇന്ദിര ക്യാന്റീനുകളിൽ കുറഞ്ഞ വിലയിൽ ഭക്ഷണം അങ്ങിനെ നീണ്ടു പോകുന്നു ആ പട്ടിക. കന്നടക്ക്‌ പ്രാധാന്യം നൽകി കൊണ്ട് കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോൾ കന്നട ജനതയുടെ ആത്മാഭിമാനത്തെ ഉയർത്താനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നത്. കർഷകരുടെ കടം എഴുതിത്തള്ളുമ്പോൾ കേന്ദ്രം സഹായിക്കുന്നില്ലെന്നു വിലപിക്കുമ്പോൾ ഭരണവിരുദ്ധ വികാരത്തിന്റെ നല്ലൊരു പങ്കു കേന്ദ്രത്തിന്റെ തലയിൽ കെട്ടി വക്കാൻ മുഖ്യമന്ത്രിക്കാവുന്നു. തമിഴ്നാടുമായും ഗോവയുമായുള്ള നദീജല തർക്കങ്ങളിലും സംസ്ഥാനം കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു.

 

ഭരണവിരുദ്ധ വികാരം ഒരു പരിധി വരെ ഗുജറാത്തിൽ തടഞ്ഞു നിർത്താനായ ബിജെപിക്ക് പക്ഷെ ഇവിടെ അത് തങ്ങൾക്കനുകൂലമാക്കാനായിട്ടില്ല. ഭരണത്തിലാണെങ്കിലും സിദ്ധരാമയ്യയെ പോലൊരു നേതാവ് കർണാടകയിൽ ഉണ്ട് എന്നത് തന്നെയാണ് കോൺഗ്രസിന്റെ നേട്ടം.

 

ഗുജറാത്തിൽ പട്ടേൽ സമുദായത്തെ ഉപയോഗിച്ചത് പോലെ പരമ്പരാഗതമായി ബിജെപിയെ അനുകൂലിക്കുന്ന ലിംഗായത് സമുദായത്തെ തങ്ങൾക്കനുകൂലമാക്കാനാണ് കോൺഗ്രസ്‌ ശ്രമിക്കുന്നത്‌. വോട്ടർമാരിൽ 17% വരുമിവർ. പ്രത്യേക മതമാകാൻ തങ്ങളെ അനുവദിക്കണമെന്ന ലിംഗായതിലെ ഒരു വിഭാഗത്തിന്റെ ആവശ്യത്തെ സിദ്ധരാമയ്യ മന്ദസ്മിതത്തോടെ കേൾക്കുന്നത് ഇതിന്റെ ഭാഗമാണെന്നു മന്ത്രിക്കുന്ന പത്രക്കാർ കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *