ശബരിമലയില്‍ സ്ത്രീകള്‍ പണ്ട് പ്രവേശിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായരും പറഞ്ഞു.

രാജകുടുംബത്തിലെ സ്ത്രീകളും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീകള്‍ പണ്ട് ശബരിമല ദര്‍ശനം നടത്തിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയതെന്ന് ടികെഎ നായര്‍ പറഞ്ഞു. 1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ശബരിമലയില്‍ ചോറൂണിന് വേണ്ടി അച്ഛനും, അമ്മയും അമ്മാവനും കൂടി പോയി. അമ്മയുടെ മടിയില്‍ ഇരുന്ന് ശബരിമല ക്ഷേത്ര സന്നിധിയില്‍ വച്ച് എനിക്ക് ചോറ് തന്നു എന്നാണ് അമ്മയും അച്ഛനും പറഞ്ഞത്  അദ്ദേഹം പറഞ്ഞു.

ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിയ്ക്ക് തോന്നേണ്ട കാര്യമാണ്. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാനാകില്ലെന്നും ടി.കെ.എ നായര്‍ പറഞ്ഞു. അതിന് പ്രത്യേക വേദമോ ശാസ്ത്രമോ പാണ്ഡിത്യമോ ഒന്നും ആവശ്യമുള്ളതായി തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *