‘മുത്തലാഖ് ബില്‍ നിരവധി കുടുംബങ്ങളെ തകര്‍ക്കും’; ഷക്കീല്‍ അഹമ്മദ്

ദില്ലി: മുത്തലാഖ് നിരോധന ബില്‍ നിലവില്‍ വന്നാല്‍ നിരവധി കുടുംബങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്. ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.

‘കുടുംബ ശൈഥില്യത്തിന് കാരണമാകുന്ന നിരവധി ഭാഗങ്ങള്‍ ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും ആവശ്യം. മുസ്ലിം സമുദായത്തെ അപമാനിക്കാനുള്ള മോദിയുടെയും സംഘപരിവാറിന്റെയും ശ്രമമാണിത്,’ അഹമ്മദ് പറഞ്ഞു. ‘ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട, സസൂഷ്മം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡടക്കം ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ തന്നെ ബില്ലിലെ ശിക്ഷകള്‍ക്കെതിരെയും മറ്റുചില ഘടകങ്ങള്‍ക്കെതിരെയും രംഗത്തെത്തിയതാണ്. ബിജെപി മുസ്ലിം സമുദായത്തെ അടിച്ചമര്‍ത്താനും അപമാനിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുമ്‌ബോള്‍ ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്നും എല്ലാ വിഭാഗത്തിന്റെയും താത്പര്യം സംരക്ഷിച്ച് കൊണ്ട് തീരുമാനമെടുക്കണമെന്നുമാണ് ഞങ്ങളുടെ ആവശ്യം,’ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ അഹമ്മദ് വ്യക്തമാക്കി.

ബില്‍ ഇന്നലെ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ നോട്ടീസ് നല്‍കിയിരുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റേതുള്‍പ്പെടെ എതിര്‍പ്പ് അവഗണിച്ചാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബിജെപി ലോകസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോകസഭയിലുള്ളതുപോലെ മൃഗീയ ഭൂരിപക്ഷം ബിജെപിക്ക് രാജ്യസഭയിലില്ല. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനിക്കുകയാണ് പ്രതിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *