കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ നടക്കുന്ന ജനകീയസമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം ജില്ലാ സമ്മേളനം. സമരത്തെ തള്ളി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. വികസനവിരോധികളെ ഒറ്റപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പി മോഹനനെ വീണ്ടും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.
ഗെയ്ല്‍ സമരത്തിനെതിരെ അവതരിപ്പിച്ച പ്രമേയം
ചില നിക്ഷിപ്ത താത്പര്യക്കാരും വര്‍ഗീയ തീവ്രവാദികളുമാണ് മുക്കത്തെ ഗെയ്ല്‍ സമരത്തിന് പിന്നിലെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പദ്ധതിക്കെതിരെ ജനങ്ങളെ ഇളക്കി വിടാനും സര്‍ക്കാരിനെതിരെ കലാപം സൃഷ്ടിക്കാനും ഇത്തരക്കാര്‍ ശ്രമിച്ചു. വികസനവിരോധികളായ ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. പ്രമേയം ചൂണ്ടിക്കാട്ടുന്നു.
പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ അനുകൂലിച്ചും കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതും അടക്കം നിരവധി പ്രമേയങ്ങള്‍ പാസാക്കിയ സമ്മേളനം പക്ഷേ കോഴിക്കോട് ജില്ലാക്കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ പോലും സമയം കണ്ടെത്തിയില്ല.
നിലവിലെ സെക്രട്ടറിയായ പി മോഹനനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുത്തതില്‍ എവിടെ നിന്നും എതിര്‍ സ്വരങ്ങള്‍ ഒന്നും ഉയര്‍ന്നില്ല. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ടി ചന്തു മാസ്റ്ററെ ജില്ലാ കമ്മറ്റിയില്‍ നിലനിര്‍ത്തിയ സമ്മേളനം ഏഴ് പുതുമുഖങ്ങള്‍ അടക്കം 43 അംഗ കമ്മറ്റിക്കും രൂപം നല്‍കി.
