ഗര്‍ഭിണിയായ യുവതി ബസിന്റെ മുന്‍വാതിലിലൂടെ റോഡില്‍ വീണ് മരിച്ച സംഭവത്തില്‍ കോട്ടയം ജില്ല പൊലീസ് മേധാവിയും ആര്‍.ടി.ഒയും അന്വേഷണം നടത്തി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. സ്വകാര്യകെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് അനുവദിക്കപ്പെട്ട സൗകര്യം നല്‍കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യബസിന്റെ മത്സരയോട്ടത്തിനിടെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ് (34) മരിച്ചത്. ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഈരാററുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അന്നുതന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വാഹനങ്ങളില്‍ സീറ്റ് ലഭ്യമാക്കാനുള്ള നടപടി കമീഷന്‍ ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് കമീഷന്‍ നിരീക്ഷിച്ചു. ബന്ധപ്പെട്ടവരുടെ കൃത്യവിലോപം മൂലമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു പരാതിയില്‍ പറഞ്ഞു. കേസ് ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
