മോട്ടോര്‍ വാഹന വകുപ്പ് ഇസേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് 73 റീജിയണല്‍/സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ എം.വി.ഡി ഇസേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ആദ്യ എം.വി.ഡി ഇസേവന കേന്ദ്രം തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ആരംഭിച്ചു. അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങി ജനസേവന കേന്ദ്രങ്ങളുടെ മാതൃകയില്‍ മോട്ടോര്‍ വാഹന വകുപ്പിന് മാത്രമായി എം.വി.ഡി ഇസേവാ കേന്ദ്രം വഴി പൊതുജനങ്ങള്‍ക്ക് വകുപ്പിന്റെ ഓണ്‍ലൈന്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഈ സേവനം വലിയ സൗകര്യമായിരിക്കും. നിലവില്‍ ഇരുപത്തിയഞ്ചോളം സേവനങ്ങള്‍ പൂര്‍ണമായി മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വാഹന ഉടമകള്‍ക്ക് സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ അഭാവത്താലും സാങ്കേതിക കാരണങ്ങളാലും ഇതിന്റെ പൂര്‍ണപ്രയോജനം ലഭ്യമായിട്ടില്ല. ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഇസേവാ കേന്ദ്രം ആരംഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *