പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. മുംബൈ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ച് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയിലും ഇടിവ് രേഖപ്പെടുത്തി. ആറ് ശതമാനം വരെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *