ന്യൂഡല്‍ഹി: മതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കലാപവുമുണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ കേരളം അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. വര്‍ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നതു സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ വിശദമായ അവതരണം നടത്തിയതായാണ് ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബെഹ്റയുടെ അവതരണം. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ബെഹ്റ യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇത് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും റിജിജു പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരിയാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരേ കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
