ഷാങ്ഹായ്: വമ്ബന്‍ പദ്ധതിയുമായി എത്തിയ കള്ളന്റെ ഏറു പിഴച്ചതിനെ തുടര്‍ന്ന് രണ്ടംഗ സംഘത്തിന്റെ കൊള്ള ശ്രമം പാളി. രണ്ടു കൊള്ളക്കാരുടെ വീഡിയോ ആണ് ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലാണ് രസകരമായ സംഭവം ഉണ്ടായത്.
ആസൂത്രിതമായി കൊള്ള നടത്താന്‍ എത്തിയതാണ് രണ്ടു കള്ളന്മാര്‍. കൊള്ളയടിക്കേണ്ട സ്ഥാപനത്തിന്റെ ചില്ലു തകര്‍ത്ത് അകത്തു കടക്കാനായിരുന്നു പ്ലാന്‍. സിസിടിവിയില്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടിയും രണ്ടംഗ സംഘം ധരിച്ചിരുന്നു. കയ്യില്‍ കരുതിയ സാധനം വെച്ച് മുന്നില്‍ നിന്ന കള്ളന്‍ ചില്ലു എറിഞ്ഞു. തൊട്ടുപിന്നാലെ പിറകില്‍ നിന്ന കള്ളന്‍ ചില്ലിനിട്ട് ആഞ്ഞ് എറിഞ്ഞതാണ് പക്ഷെ ഏറു പിഴച്ചു, ചെന്ന് കൊണ്ടത് മുന്നില്‍ നിന്ന കള്ളന്റെ തലയ്ക്കും.
ഏറു കൊണ്ട കള്ളന്‍ നിലം പതിച്ചതോടെ കൊള്ള ശ്രമം ഉപേക്ഷിച്ച് മറ്റെയാളെ താങ്ങിയെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു. ഫെബ്രുവരി 14 നാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഥാപനത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഒറ്റ ദിവസം കൊണ്ട് 12 മില്യണ്‍ ആളുകളാണ് ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള കള്ളന്മാരാണെങ്കില്‍ തങ്ങള്‍ക്ക് ജോലി എളുപ്പമാകുമെന്ന് ഷാങ്ഹായ് പോലിസ് പറയുന്നു.
