ചുവപ്പ് എന്നും വികസനത്തിന് തടസമാണ്: സി.പി.എമ്മിനെതിരെ മോദി

അഗര്‍ത്തല: നിയമസഭാ തിരഞ്ഞടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ത്രിപുരയിലെ ബി.ജെ.പിയുടെ പ്രചാരണത്തിന് ശക്തി കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിക്ക് സര്‍ക്കാരിന്റെ സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ചായിരുന്ന മോദിയുടെ പ്രചരണം. സി.പി.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.എം അധികാരത്തില്‍ എത്തിയതെന്നും മോദി പറഞ്ഞു. ത്രിപുര തിരഞ്ഞെടുപ്പിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സംസ്ഥാനത്തെ രണ്ടാമത്തെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസും സി.പി.എമ്മും ഡല്‍ഹിയില്‍ സുഹൃത്തുക്കളാണെന്നും എന്നാല്‍ സംസ്ഥാനത്ത് മാത്രം അവര്‍ തമ്മിലടിക്കുകയാണെന്നും മോദി പറഞ്ഞു. ”ട്രാഫിക് സിഗ്നലില്‍ ചുവന്ന ലെെറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സംസ്ഥാനത്ത് വികസനം ഇവിടുത്തെ സി.പി.എം തടസപ്പെടുത്തുകയാണ്. ആ ചുവപ്പ് മാറി പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് കാവി ആവശ്യമാണ്”- മോദി പറഞ്ഞു.

ഇത് രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി സംസ്ഥാനത്ത് എത്തുന്നത്. ഫെബ്രുവരി എട്ടിന് സോനമുറയില്‍ നടന്ന റാലിയില്‍ അദ്ദേഹം സി.പിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ത്രിപുരയിലെ ഏറെ കാലത്തെ ഭരണം ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ മാസങ്ങള്‍ക്ക് മുമ്ബേ ശക്തമായ പ്രചരണമാണ് സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്നത്. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് എന്നിവര്‍ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയിരുന്നു. നിലവില്‍ എട്ട് വടക്കു-കിഴക്ക് സംസ്ഥാനങ്ങളില്‍ മൂന്നിടത്താണ് ബി.ജെ.പി അധികാരത്തില്‍ ഉള്ളത്. അസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഈ മാസം തിരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്റ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബി.ജെ.പി.

ത്രിപുരയില്‍ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കുന്നത്. മേഘാലയയിലും നാഗാലന്‍ഡിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാര്‍ച്ച്‌ മൂന്നിനാണ് വോട്ടെണ്ണല്‍. മൂന്ന് സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയാണ് നിലവിലുള്ളത്. 1993 മുതല്‍ ഇടതുപക്ഷം അധികാരത്തില്‍ ഇരിക്കുന്ന ത്രിപുരയില്‍ മാര്‍ച്ച്‌ ആറിനാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നാലാം തവണയാണ് ത്രിപുരയില്‍ ഭരണം നടത്തുന്നത്. രാഷ്ട്രീയ അസ്ഥിരതയ്ക്ക പേരുകേട്ട മേഘാലയയില്‍ എട്ടു വര്‍ഷമായി കോണ്‍ഗ്രസാണ് ഭരണത്തിലുള്ളത്. നാഗാലന്‍ഡില്‍ ബി.ജെ.പിയുടെ പിന്തുണയോടെ നാഗാ പീപ്പിള്‍സ് ഫ്രണ്ടാണ് അധികാരത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം രണ്ടു തവണ മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *