പൊലീസ് സ്റ്റേഷനില്‍ നിന്നും ലീഗ് നേതാവ് പ്രതികളെ മോചിപ്പിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിനിടെ പിടികൂടിയ പ്രതികളെ ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ലീഗ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതികളെ ഇറക്കി കൊണ്ട് പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടെ കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ കല്ലടി സ്വദേശികളായ അന്‍സര്‍, മുസ്തഫ, നൗഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അല്‍പ സമയത്തിനകം പൊലീസ് സ്റ്റേഷനിലെത്തിയ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതും നീയൊക്കെ ഒരു ചുക്കും ചെയ്യില്ലെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, ഹര്‍ത്താലിനെ തുടര്‍ന്ന് കരുതല്‍ തടങ്കലിനായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതാണെന്നും പൊലീസ് അറിയിച്ചു. ആരും പ്രതികളെ ബലമായി ഇറക്കിക്കൊണ്ട് പോയിട്ടില്ലെന്നും വിശദീകരണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *