ഷുഹൈബ് വധക്കേസില്‍ ഇന്നും ബഹളം ശക്തമായി; സഭ പിരിഞ്ഞു

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് സിബിഐ യ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ ഇന്നും പിരിഞ്ഞു. സ്പീക്കര്‍ സീറ്റില്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതിപക്ഷ ബഹളം നടുത്തളത്തിലേക്കും പിന്നീട് സ്പീക്കറുടെ ഡയസിന് മുന്നിലേക്കും എത്തിയതോടെ ചോദ്യോത്തര വേള പല തവണ തടസ്സപ്പെടുകയും ഒടുവില്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. ബാനറുകളും പ്ളക്കാര്‍ഡുകളുമായെത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സ്പീക്കറിന്റെ മുഖം മറയ്ക്കുന്ന രീതിയില്‍ പ്രതിഷേധിച്ചതില്‍ സ്പീക്കര്‍ ശക്തമായി പ്രതികരിച്ചു. രാവിലെ മണ്ണാര്‍ക്കാട് കൊലപാതകം സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അവതരണാനുമതി നിഷേധിച്ചിരുന്നു. സഫീറിന്റെയും മധുവിന്റെയും കൊലപാതകത്തില്‍ മണ്ണാര്‍കാട് എംഎല്‍എ അഡ്വ. എം ഷംസുദ്ദീനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രണ്ടും പരിഗണിക്കാതിരുന്നത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങി പത്തു മിനിറ്റിനുള്ളില്‍ തന്നെ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കേണ്ടി വന്നു. വീണ്ടും സ്പീക്കര്‍ ഡയസില്‍ എത്തിയപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം രൂക്ഷമായതോടെ ധനവിനിയോഗബില്‍ ചര്‍ച്ച കൂടാതെ തന്നെ പാസ്സാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഇന്നലെയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന നടപടികള്‍ വേഗത്തിലാക്കി പിരിയുകയും ചെയ്തു. ജനാധിപത്യ വിരുദ്ധമായ നടപടികയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന് എന്തോ പേടിക്കാനുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *