കൊച്ചി: വിവാദമായ ബാര്‍ കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശന്‍ പറഞ്ഞു. ഈ ഗൂഡാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതില്‍ ഒത്തുകളിയുണ്ട്. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ല. മാണിക്കെതിരായ അന്വേഷണം തുടരാനായിരുന്നു താന്‍ നിയമോപദേശം നല്‍കിയത്. കഴിഞ്ഞയാഴ്ചയും അന്വേഷണ ഉദ്യേഗസ്ഥര്‍ തന്നെ വന്ന് കണ്ടിരുന്നതാണ്. അപ്പോഴൊന്നും കേസ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ലെന്നും സതീശന്‍ വിശദീകരിച്ചു.
മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു തന്റെ വിലയിരുത്തല്‍. കേസുമായി മുന്നോട്ട് പോകാനുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ വിജിലന്‍സിന്റെ കൈയിലുണ്ട്. കേസില്‍ നിന്ന് മാണിയെ രക്ഷിക്കാന്‍ ആദ്യം മുതല്‍ തന്നെ ശ്രമം നടന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി സുകേശന്റെ രണ്ട് മുന്‍ റിപ്പോര്‍ട്ടുകള്‍ ഇതിന് തെളിവാണ്. രണ്ട് റിപ്പോര്‍ട്ടുകളുടെയും ഭാഷ രണ്ടാണ്. ഇതിന് പിന്നില്‍ ഉന്നത ഇടപെടലാണെന്ന് കരുതുന്നതായും സതീശന്‍ പറഞ്ഞു.
