കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ഇരുട്ടടിയായി കൂട്ട പിരിച്ചുവിടല്‍ നടപടികള്‍ തുടരുന്നു. സര്‍ക്കാരിന്റെയും പൊതു സ്ഥാപനങ്ങളിലെയും സ്വദേശിവത്കരണ നടപടികള്‍ പൂര്‍ണ്ണമായും 2022 ഓടെ പൂര്‍ത്തീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഓരോ വര്‍ഷവും ഒരു നിശ്ചിത സംഖ്യ സംഖ്യ വരുന്ന വിദേശ തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടികള്‍ നടപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏതെങ്കിലും പ്രത്യേക ജോലിയ്ക്കായി വിദേശ ജീവനക്കാരെ വേണ്ടി വന്നാല്‍, സിവില്‍ സര്‍വീസ് കമ്മിഷന്റെ പ്രത്യേക അനുമതി വാങ്ങി മാത്രമേ നിയമനം നടത്താവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.
പിരിച്ചു വിടപ്പെടുന്ന ഒരു വിദേശ ജീവനക്കാരെയും മറ്റേതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇതിനിടെ, അടുത്ത വര്‍ഷം പിരിച്ചു വിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാരുടെ ലിസ്റ്റും തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
