അധികാരവും പണവും എന്നും ഉണ്ടാകണമെന്നില്ല :മോഡിക്കെതിരെ തൊഗാഡിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അഹമ്മദാബാദ് > സൂറത്തിലെ കാംരേജില്‍ തന്റെ കാറില്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ട് പ്രവീണ്‍ തൊഗാഡിയ. ഫെയ്സ്ബുക്കിലാണ് നരേന്ദ്ര േമാഡിയെ കുറ്റപ്പെടുത്തി തൊഗാഡിയ പോസ്റ്റിട്ടത്. ബുധനാഴ്ച അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് സാഹേബ് എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിട്ടത്.

അപകടവിവരമറിഞ്ഞ് ഒന്നു ഫോണ്‍ ചെയ്യാന്‍പോലും മനസ്സ് കാട്ടിയില്ലല്ലോയെന്ന് പോസ്റ്റില്‍ പറയുന്നു. അപകടത്തിന്റെ നാല് ഫോട്ടോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ഈശ്വരകൃപകൊണ്ടും ഹിന്ദുമക്കളുടെ പ്രാര്‍ഥനകൊണ്ടും ഞാന്‍ രക്ഷപ്പെട്ടു. നന്ദി, ഹിംസയ്ക്ക് ഉത്തരം ശാന്തിയാണ്. കൊല്ലുന്നവനേക്കാള്‍ രക്ഷപ്പെടുത്തുന്നവനാണ് വലിയവനാകുന്നത് സാഹേബ്.

ഒരുമിച്ചിരുന്ന് സംസാരിക്കാമെന്നും കാര്യങ്ങള്‍ പങ്കുവയ്ക്കാമെന്നും ഹോളിനാളില്‍ ഞാന്‍ ട്വീറ്റ് ചെയ്തതാണ്. നമ്മള്‍ വന്നും പോയും ഇരുന്നവരാണ്. താങ്കള്‍ ഒന്നു ഫോണ്‍ ചെയ്തതുപോലുമില്ല. ഇന്ന് അധികാരവും സമ്ബത്തും ഉണ്ടാകും. എന്നാല്‍, നാളെ അതുണ്ടാകണമെന്നില്ല. ഭഗവാനു മുന്നില്‍ എങ്ങനെ മുഖം കൊടുക്കും സഹോദരാ…” എന്നാണ് ബുധനാഴ്ച പകല്‍ 1.40ന് പോസ്റ്റ് ചെയ്തത്.

ബുധനാഴ്ച സൂറത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്ബോഴാണ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുകയറ്റിയത്.
അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ഗുജറാത്തിലെ ഭരണകേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം സുരക്ഷ ബോധപൂര്‍വം വെട്ടിക്കുറച്ചുവെന്നും തൊഗാഡിയ പിന്നീട് ആരോപിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ്കാറായതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും പറഞ്ഞു.

ഇതിനുശേഷമാണ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തത്.വ്യാജഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *