ഹാദിയ ഷെഫിന്‍ ജഹാനോടൊപ്പം മലപ്പുറത്തേക്ക്; ഇരുവരും നാളെ മാധ്യമങ്ങളെ കാണും

മലപ്പുറം: സുപ്രീം കോടതി വിവാഹം ശരിവച്ചതിന് പിന്നാലെ ഹാദിയ കേരളത്തിലേക്ക്. സേലത്ത് നിന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനോടൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. വൈകിട്ട് മലപ്പുറത്ത് എത്തിച്ചേരും. ഹാദിയ പഠിക്കുന്ന സേലത്തെ കോളജില്‍ എത്തിയ ഷെഫിന്‍ പ്രിന്‍സിപ്പാളിനെ കണ്ട് അനുമതി വാങ്ങിയ ശേഷം ഹാദിയയെ കൂട്ടി കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. നാളെ ഇരുവരും മാധ്യമങ്ങളെ കാണും.

ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി വിവാഹം ശരിവച്ചത്. സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ പ്രതികരിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കും. തുടര്‍ന്നും ഷെഫിന്‍ ജഹാനെ കാണാന്‍ ശ്രമിക്കും. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഹാദിയ പറഞ്ഞു. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ശരിവച്ച സുപ്രീം കോടതി ഹാദിയക്ക് മതപഠനം തുടരാമെന്നും വ്യക്തമാക്കിയിരുന്നു.

വിവാഹം ശരിവച്ചുവെങ്കിലും എന്‍.ഐ.എ അന്വേഷണത്തിലോ മറ്റ് കേസിലോ സുപ്രീം കോടതി ഇടപെടില്ല. ഷെഫിന്‍ ജഹാനെതിരായ എന്‍.ഐ.എ അന്വേഷണം തുടരാം. ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിച്ച്‌ വിവാഹം റദ്ദാക്കിയ നടപടി ശരിയല്ല. ഹൈക്കോടതി വിവാഹം റദ്ദാക്കിയ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *