കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം പൊലീസിന് കൈമാറും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്.
വിവാദമായ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന സഭാ വിശ്വാസികളായ രണ്ട് പേരുടെ ഹര്‍ജിയിലായാരുന്നു ഹൈക്കോടതി ഉത്തരവ്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്ബത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കര്‍ദിനാളിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
