തേനി: കുരങ്ങിണിമലയിലേക്കു പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെ അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികള്‍ തുടരുകയാണ്. ട്രെക്കിങ് സംഘം മൂന്നാര്‍ വഴി കൊളുക്കുമലയില്‍ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൃത്യവിലോപം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്. 39 പേര്‍ അടങ്ങുന്ന ട്രെക്കിങ് സംഘമാണ് അനുമതി ഇല്ലാതെ വനത്തില്‍ പ്രവേശിച്ചത്.
സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷം ആരംഭിച്ചു. ട്രെക്കിങ് സംഘം കട്ടില്‍ പ്രവേശിച്ചത് വേണ്ട അനുമതിയോടെയല്ലെന്ന് ആദ്യം മുതലേ ആരോപണം ഉയര്‍ന്നിരുന്നു. കാട്ടുതീ ഉണ്ടാകുന്നതായി ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിട്ടും സംഘത്തെ വനത്തിലേക്ക് പ്രവേശിക്കാന്‍ നിയമവിരുദ്ധമായി അനുമതി നല്‍കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ എത്രപേരാണ് വനത്തില്‍ കുടുങ്ങി കിടക്കുന്നതെന്ന് പോലും ആര്‍ക്കും അറിവില്ലായിരുന്നു.
വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. ക്ലബിലെ അംഗമായ രാജേഷ് ഇവര്‍ക്ക് വഴികാട്ടി. എന്നാല്‍ ദുരന്തത്തിനു ശേഷം രാജേഷിനെ കണ്ടിട്ടില്ല. ഇയാള്‍ക്കു പുറമെ ക്ലബിന്റെ സ്ഥാപകന്‍ പീറ്റര്‍ വാന്‍ ഗെയ്‌നെയും ചോദ്യം ചെയ്യാനാണു തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും ഇതിലൂടെ വ്യക്തമാകും.
