സംസ്ഥാനത്ത് നിയമനനിരോധനം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധം: പ്രതിപക്ഷം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസിയെ മറയാക്കി മറ്റ് മേഖലകളിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പെന്‍ഷന്‍ പ്രായവര്‍ധനവിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിടി ബല്‍റാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ച് കളിക്കുകയാണെന്നും മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ നടപടിയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.

അതേസമയം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്നും അത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ ശമ്ബളവും പെന്‍ഷനും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം വന്നിരുന്നെന്നും ഇക്കാര്യത്തില്‍ ഘടകക്ഷികളുടെ അഭിപ്രായം തേടിയിരിക്കുകയാണെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ഭരണത്തിലിരിക്കുമ്‌ബോഴും പ്രതിപക്ഷത്ത് വരുമ്‌ബോഴും എല്‍ഡിഎഫിന് രണ്ട് നിലപാടുകളാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനം നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ചെന്നിത്തല പറഞ്ഞു.

മാര്‍ച്ച് ഒന്‍പതിന് നടന്ന മന്ത്രിസഭായോഗത്തില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം വന്നിരുന്നു. മുഖ്യമന്ത്രി തന്നെയായിരുന്നു നിര്‍ദേശം മുന്നോട്ട് വെച്ചത്. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി നിര്‍ദേശം വെച്ചത്. അടുത്തമന്ത്രിസഭാ യോഗത്തിന് മുന്‍പ് നിലപാട് വ്യക്തമാക്കാന്‍ ഘടകകക്ഷികളോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ 3,300 കോടി കടമെടുക്കുന്നുണ്ട്. ഇതിന് ബാങ്കുകള്‍ വെച്ച നിര്‍ദേശങ്ങളിലൊന്നാണ് പെന്‍ഷന്‍ പ്രായം 60 ആക്കുക എന്നത്. കെഎസ്ആര്‍ടിസിയുടെ നവീകരണത്തെ കുറിച്ച് പഠിച്ച സുശീല്‍ ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം മന്ത്രിസഭാ യോഗത്തില്‍ വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *