നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ജാമ്യമില്ലാ കേസ്; മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: നോക്കുകൂലി പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

ചെയ്യാത്ത ജോലിക്ക് കൂലി വേണ്ടെന്നാണ് എല്ലാ തൊഴിലാളി സംഘടനകളുടെയും അഭിപ്രായം. നോക്കുകൂലി പ്രശ്നം പരിഹരിക്കാന്‍ 11 ജില്ലകളില്‍ ഏകീകൃത ചുമട്ടുകൂലി നിശ്ചയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ കൂലി ഉടന്‍ നിശ്ചയിക്കും. ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അമിതകൂലി ഈടാക്കിയാല്‍ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ കാര്‍ഡ് റദ്ദാക്കും. തൊഴിലുടമയെ അധിക്ഷേപിച്ചാല്‍ പരാതി പോലീസിന് കൈമാറും. അസി ലേബര്‍ ഓഫീസര്‍ ഇടപെട്ട് അമിതകൂലി തിരികെ വാങ്ങി നല്‍കും. നോക്കുകൂലി അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടറുടെ നേതൃത്വത്തില്‍ ജില്ലകളില്‍ തൊഴിലാളി സംഘടനകളുടെ യോഗംവിളിക്കും.

ഒരുപാര്‍ട്ടിയും നോക്കുകൂലി അംഗീകരിക്കുന്നില്ല. തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തും. നിലവിലെ നിയമങ്ങള്‍ ഉപയോഗിച്ചുതന്നെ നോക്കുകൂലി പൂര്‍ണമായി അവസാനിപ്പിക്കുമെന്നും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും പാറക്കല്‍ അബ്ദുള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *