തിരുവനന്തപുരം: ബിജെപി ഭരണത്തെ തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ് എന്നതാണ് ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നം അസ്തമിച്ചെന്നും രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹപദ്ധതിയുടെ അടിത്തറ ഇളകിയെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി ഭരണത്തില്‍നിന്നു കുതറിമാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചത്. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹ പദ്ധതിയുടെ അടിത്തറ ഇളകിയിരിക്കുന്നു. എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോഴാണു ബിജെപിയെ തറപറ്റിക്കാനായത്. കോണ്‍ഗ്രസ് യുപിയില്‍ ദയനീയമായ നിലയിലാണ്. ത്രിപുരയിലെന്നപോലെ കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുകയാണ്- പിണറായി പറഞ്ഞു.
വര്‍ഗീയതയോടും ജനവിരുദ്ധ സാന്പത്തിക നയങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണ് ഉപതെരഞ്ഞെടുപ്പു ഫലം. ബിജെപിയോടുള്ള എതിര്‍പ്പും കോണ്‍ഗ്രസിനോടുള്ള വിപ്രതിപത്തിയുമാണ് യുപിയില്‍ ഒരേ സമയം പ്രകടമായത്. അധികാരത്തിന്റെയും സന്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീര്ണരാഷ്ട്രീയവും പാപ്പരായ നയങ്ങളുംകൊണ്ടു കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പിണറായി പരിഹസിച്ചു.
