മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2015-16 ലെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണ പുരോഗതി ജനുവരി 31 വരെയുള്ള കണക്കു പ്രകാരം മൊത്തം പദ്ധതി വിഹിതത്തിന്റെ 51.53 ശതമാനമാണെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം വിലയിരുത്തി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബജറ്റ് വിഹിതമായി വിലയിരുത്തിയ പൊതു വികസന ഫണ്ട് 48.18 കോടിയും മുന്‍ ബാക്കി 13.99 കോടിയും അടക്കം 60.17 കോടിയില്‍ 31 കോടിയാണ് ഇതിനകം ചെലവഴിച്ചത്. അതേസമയം ഇതുവരെ സര്‍ക്കാറില്‍ നിന്ന് 44.78 കോടിയാണ് ലഭിച്ചതെന്നതിനാല്‍ ലഭ്യമായ വിഹിതത്തിന്റെ 69.24 ശതമാനം ചെലവഴിച്ചിട്ടുണ്ടെന്ന് പദ്ധതി അവലോകനം ചെയ്ത് സംസാരിച്ച വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ പറഞ്ഞു.
പട്ടികജാതി വികസന ഫണ്ട് മൊത്തം വിഹിതമായ 20.35 കോടി രൂപയില്‍ 5.88 കോടിയാണ് ചെലവഴിച്ചത്. 28. 91 ശതമാനം. ഇതിനകം ലഭ്യമായ 15.13 കോടിയുടെ കണക്കെടുത്താല്‍ 38.88 ശതമാനമാണ് ചെലവഴിച്ച തുക. പട്ടികജാതി വികസന ഫണ്ടിന്റെ വിനിയോഗം വളരെ പരിമിതമാണെന്നും പദ്ധതി നിര്‍വഹണ സമയത്ത് ഉന്നയിക്കപ്പെടുന്ന തടസ്സവാദങ്ങളാണ് ഇതിനു കാരണമെന്നും ഗ്രാമസഭ വിലയിരുത്തി. പട്ടികവര്‍ഗ വികസന ഫണ്ട് 1.20 കോടിയില്‍ 36.1 ലക്ഷമാണ് ലഭ്യമായത്. മൊത്തം വിഹിതത്തിന്റെ 30.07 ശതമാനവും ലഭ്യമായ തുകയുടെ 40.39 ശതമാനവും ചെലവഴിച്ചു.
2016- 17 ല്‍ ജനറല്‍ ഫണ്ടില്‍ 46.18 കോടിയും പട്ടികജാതി വികസന ഫണ്ടില്‍ 15.64 കോടിയും റോഡ് മെയിന്റനന്‍സ് ഫണ്ടില്‍ 16.36 കോടിയും നോന്‍ റോഡ് മെയിന്റനന്‍സ് ഇനത്തില്‍ 7.69 കോടിയും പട്ടികവര്‍ഗ വികസന ഫണ്ടില്‍ 9.2 ലക്ഷവുമാണ് പ്രതീക്ഷിക്കപ്പെടുന്ന ഫണ്ട് വിഹിതം. ജനറല്‍ ഫണ്ടില്‍ ഐ.എ.വൈ.ക്ക് 23.1 കോടിയും എസ്.എസ്.എ.ക്ക് 4.19 കോടിയും വനിതാ ഘടക പദ്ധതിക്ക് 6.27 കോടിയും വൃദ്ധര്‍-ഭിന്നശേഷിക്കാര്‍-കുട്ടികള്‍ എന്നിവര്‍ക്കായി 3.13 കോടിയും വകയിരുത്തേണ്ടതുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ജനറല്‍, എസ്.സി., ടി.എസ്.പി. വിഭാഗങ്ങളിലായി ഐ.എ.വൈ ഭവന പദ്ധതിക്ക് ശരാശരി 1.02 കോടി രൂപ ജില്ലാ പഞ്ചായത്ത് നല്‍കുന്നതായും മൊത്തം 32.89 കോടി ഈയിനത്തില്‍ ചെലവഴിക്കുന്നതായും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ പരിഗണനക്കായി വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ യോഗത്തില്‍ സമര്‍പ്പിച്ചു.
ഗ്രാമസഭയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി. സുധകരന്‍, ഹാജറുമ്മ, അനിതാ കിഷോര്‍, അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ. അബ്ദുറഹ്മാന്‍, ടി.കെ. റഷീദലി, സെക്രട്ടറി എ. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
