തിരുവനന്തപുരം: നിയമസഭ വളപ്പിലെ ജൈവപച്ചക്കറി കൃഷി ജനങ്ങള്‍ക്കുള്ള നല്ല സന്ദേശമാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. നിയമസഭ മന്ദിര വളപ്പിലെ രണ്ടര സെന്റില്‍ കൃഷിയിറക്കിയ ജൈവവഴുതനയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജൈവ കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് നിയമസഭ വളപ്പില്‍ വിവിധയിനം ജൈവ കൃഷി നടത്തുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിയമസഭ വളപ്പില്‍ നെല്‍ കൃഷി ചെയതത് സംസ്ഥാനത്തിന് മാതൃകയായി. ഒരു ചെടിയില്‍ രണ്ടുകിലോഗ്രാം വരെ വിളയുന്ന വേങ്ങേരി വഴുതനയാണ് നിയമ സഭയില്‍ വിളവെടുത്തത്. ഇവിടെ ഇനി പയറും ചീരയും കൃഷിയിറക്കും. വിളവെടുക്കുന്ന പച്ചക്കറികള്‍ മന്ത്രിമാര്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്യുമെന്നും സ്പീക്കര്‍ പറഞ്ഞു. കൃഷിവകുപ്പിന്റെ സഹായത്തോടെ നിയമസഭ ഹരിതക്ലബ്ബും കാര്‍ഷികവിഭാഗവും ജീവനക്കാരും സംയുക്തമായി രണ്ടരമാസം കൊണ്ടാണ് വേങ്ങേരി വഴുതന കൃഷിയിറക്കി വിളവെടുത്തത്. വിളവെടുപ്പ് ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്‍, ഡപ്യുട്ടി സ്പീക്കര്‍ പാലോട് രവി, നിയമസഭാ സെക്രട്ടറി പി ഡി ശാരംഗധരന്‍, നിയമസഭാ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജയദാസ്, ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
