കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

117 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിന് ഇടനിലക്കാരനാകുന്നതല്ല ഗവര്‍ണറുടെ ജോലി. യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കിയതിലൂടെ ഭരണഘടനയുടെ കീഴ്‌വഴക്കത്തെ കാറ്റില്‍ പറത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഭൂരിപക്ഷ പിന്തുണയുള്ള സഖ്യത്തെ ഗവര്‍ണറുടെ സഹായത്തോടെ പുറത്ത് നിര്‍ത്തിയത് ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലമാക്കും. കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഗവര്‍ണര്‍മാരുടെ പിന്തുണയില്‍ അധികരത്തിലേറിയ സര്‍ക്കാരിന് അല്‍പായുസായിരിക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിയു സഖ്യം അധികം വൈകാതെ അധികാരത്തിലെത്തുമെന്നും ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *