സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ്ആ ഘോഷമാക്കുന്നത്: വിഎം സുധീരന്‍

കൊച്ചി: സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷമാക്കുന്നതെന്ന് വിഎം സുധീരന്‍. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ലെന്ന് പറഞ്ഞ സുധീരന്‍, ജനദ്രോഹ നടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാരിന്റേതെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റുകള്‍ സമ്മതിച്ച്‌ തിരുത്തുന്നതിന് പകരം കള്ള പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമങ്ങളുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും ശ്രമമെങ്കില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചടിയായിരിക്കും ഫലമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

കുറിപ്പിന്റെ പൂര്‍ണരൂപം-

സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആഘോഷമാക്കുന്നത്. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ല. ജനദ്രോഹ നടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാരിന്റേത്. യഥാര്‍ത്ഥത്തില്‍ കേരളത്തിലേത് ഇടതുപക്ഷ സര്‍ക്കാരല്ല; മറിച്ച്‌ മുതലാളിത്തപക്ഷ-ജനമര്‍ദ്ദക സര്‍ക്കാരാണ്.

ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കലാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രഥമവും പ്രധാനവുമായ ചുമതല. അതുപോലും ഇല്ലാതാക്കി എന്നതാണ് ഈ മന്ത്രിസഭയുടെ ഗുരുതരമായ വീഴ്ച. രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായി കേരളം മാറി. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ സിപിഐഎമ്മും ആളെക്കൊല്ലുന്നതിലാണ് മത്സരം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ‘ബലിദാനി’കളെയും ‘രക്തസാക്ഷി’കളെയും സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ മനോഭാവമാണ് ഇരുകക്ഷികള്‍ക്കുമുള്ളത്. ഈ അക്രമ രാഷ്ട്രീയം നാട്ടിലെ സമാധാനജീവിതത്തെ തകര്‍ത്തിരിക്കുകയാണ്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഏത് രാഷ്ട്രീയ സംഘട്ടനത്തിലും കൊലപാതകത്തിലും ഒരു കക്ഷിയാണ്. എതിര്‍ ചേരിയിലെ വിരോധികളെ ഉന്മൂലനാശം വരുത്തുന്നതിന് പാര്‍ട്ടിതന്നെ ‘വധശിക്ഷ’ വിധിക്കുന്ന രീതിയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മട്ടന്നൂരിലെ ഷുഹൈബ്, നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ അസ്ലാം, അരിയില്‍ ഷുക്കൂര്‍ തുടങ്ങി എത്രയെത്ര പേര്‍ക്കാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വ്യാപകമാകുന്നു. ഇതിലെല്ലാമുള്ള പൊലീസിന്റെ വീഴ്ചകള്‍ അതിരൂക്ഷമായ ജനരോഷത്തിന് ഇടവരുത്തുന്നു.

പാവപ്പെട്ടവരെ മറന്ന് മദ്യ മുതലാളിമാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ വിപുലമായ മദ്യ വ്യാപനനയം സര്‍വ തരത്തിലുള്ള അക്രമങ്ങള്‍ക്കും പ്രേരണയാകുന്നു. മദ്യശാലകള്‍ തുറക്കും തോറും മയക്കുമരുന്നും എല്ലായിടത്തും ലഭ്യമാകുന്ന ദുസ്ഥിതി വന്നെത്തി. ഇതെല്ലാം അക്രമങ്ങള്‍ പെരുകുന്നതില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. കുറ്റവാളികളുടെയും മാഫിയാ സംഘങ്ങളുടെയും ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെയും ‘പറുദീസ’യായി കേരളം മാറിയിരിക്കുന്നു. ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും തീര്‍ത്തും വീഴ്ചവരുത്തിയ പൊലീസ് അവര്‍ ധരിക്കുന്ന യൂണിഫോമിന് തന്നെ കളങ്കം വരുത്തിയിരിക്കുന്നു.

പൊലീസിന്റെ വര്‍ധിച്ചുവരുന്ന അതിക്രമം വരാപ്പുഴയിലെ ശ്രീജിത്തിനെ കൊലപ്പെടുത്തുന്നതില്‍ വരെയെത്തി. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നീതിപൂര്‍വമായ സമീപനം പ്രതീക്ഷിക്കാനാവാത്ത അവസ്ഥയാണ് വന്നിട്ടുള്ളത്. ചുവപ്പ് വസ്ത്രധാരികളായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പൊലീസ് അസോസിയേഷന്‍ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ ഡിജിപിയുടെ നില കൂടുതല്‍ പരുങ്ങലിലായി. ഇതിനെല്ലാം പുറമേ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ കൈകള്‍ ബന്ധിച്ച്‌ നിഷ്‌ക്രിയരാക്കുന്ന സ്ഥിതിയിലുമെത്തി.

ജനമൈത്രി എന്ന സങ്കല്‍പം തന്നെ തകര്‍ത്തുകൊണ്ട് ജന മര്‍ദകരെന്ന കുപ്രസിദ്ധിയാണ് പൊലീസിന് ആര്‍ജ്ജിക്കാനായത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ വെമ്ബല്‍ കൊള്ളുന്ന ഈ സര്‍ക്കാരിന് ഇടതുപക്ഷസര്‍ക്കാര്‍ എന്ന് അവകാശപ്പെടാനാകില്ല. സര്‍ സിപിയുടെ കാലത്തെ പൊലീസ് അതിക്രമങ്ങളെ കടത്തിവെട്ടുന്ന നിലയിലാണ് ന്യായമായ ജനകീയ സമരങ്ങളോടുള്ള പൊലീസിന്റെ സമീപനം. ഇതിലെല്ലാം പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ മര്‍ദ്ദക മനോഭാവമാണ്.

നിയമലംഘനങ്ങള്‍ക്കും അഴിമതിക്കും സമ്ബന്ന ശക്തികള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും എതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ജനാഭിപ്രായം ഉണ്ടാക്കുകയും ചെയ്തുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ ഈ ഭരണത്തിന്‍ കീഴില്‍ നിയമലംഘനങ്ങളും അഴിമതിയും സമ്ബന്ന ശക്തികളോടുള്ള പ്രീണനങ്ങളും ശക്തിപ്പെടുന്ന നിലയിലാണ് ഓരോ നടപടിയും ഉണ്ടാകുന്നത്. മുന്‍ പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും കേവലം പാഴ്വാക്കുകളായി മാറി. അക്ഷരാര്‍ത്ഥത്തില്‍ കേരളം നിയമലംഘകരുടെയും അഴിമതിക്കാരുടെയും സാമ്ബത്തിക ചൂഷകരുടെയും ‘സ്വര്‍ഗ്ഗരാജ്യ’മായി മാറിയിരിക്കുകയാണ്. അവഗണിക്കപ്പെട്ടത് പാവപ്പെട്ടവരും സാധാരണക്കാരും.

നിയമത്തിന്റെ സര്‍വ്വ സാധ്യതകളും ആരായാതെ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയ സര്‍ക്കാര്‍ നടപടി കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്ക് ഒരിക്കലും യോജിച്ചതല്ല. നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചുകൊണ്ട് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലൂടെ വന്‍ അഴിമതിക്കാണ് കളമൊരുക്കിയത്. നിയമ ലംഘനങ്ങളുടെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്ന കേസുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. നിയമലംഘകരെ സംരക്ഷിക്കുന്നത് വെറുതെയാവില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. നിരവധി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്തിക്കൊണ്ട് വന്നതായ കേരള നിക്ഷേപ പ്രോത്സാഹന നിയമത്തിന്റെയും ഗുണഭോക്താക്കള്‍ വന്‍കിട മുതലാളിമാരാണെന്നതില്‍ സംശയമില്ല.

കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ ഭേദഗതി നിയമം കൊണ്ടുവന്നതിലൂടെ അവശേഷിച്ച പച്ചപ്പും ഇല്ലാതാക്കുന്ന സ്ഥിതിയാണ് വന്നിട്ടുള്ളത്. പരിസ്ഥിതി നാശത്തിന് ഇടവരുത്തുന്ന ഇതെല്ലാം ഭൂമാഫിയാ സംഘങ്ങളെ സഹായിക്കാനാണ്. കള്ളില്‍ മായം ചേര്‍ത്താലുള്ള ശിക്ഷ കുറച്ചതിലൂടെ മദ്യ മുതലാളിമാര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നല്‍കിയത്. ജനങ്ങള്‍ക്കും നാടിനും സര്‍വ്വ നാശം വരുത്തി വെച്ചു കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു നീക്കുന്ന മദ്യ വ്യാപന നയം മദ്യ മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും മദ്യപിച്ച്‌ ബോധരഹിതരായി പാടത്ത് കിടക്കുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്. മദ്യ മുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊക്കെ പാടെ അവഗണിക്കുകയാണുണ്ടായത്.

തോമസ് ചാണ്ടി, പി.വി അന്‍വര്‍, ജോയ്‌സ് ജോര്‍ജ് തുടങ്ങിയ ജനപ്രതിനിധികളായ വന്‍കിടക്കാരുടെ നിയമലംഘനങ്ങള്‍ക്ക് സര്‍വ്വ സംരക്ഷണവും ഒരുക്കി കൊടുത്തതിലൂടെ സര്‍ക്കാരിന്റെ മുതലാളിത്തപക്ഷ നിലപാടാണ് ആവര്‍ത്തിക്കപ്പെട്ടത്. ഭൂമി കൈയേറ്റക്കാര്‍ക്ക് സര്‍വ്വ സംരക്ഷണവും നല്‍കി. അവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. നിയമവിരുദ്ധമായും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചു വരുന്ന ടാറ്റ, ഹാരിസണ്‍ തുടങ്ങിയ വന്‍കിട കൈയേറ്റക്കാരോട് എത്ര മൃദു സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അവര്‍ക്കെല്ലാം ഗുണം കിട്ടുന്ന രീതിയില്‍ ഹാരിസണ്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തോറ്റുകൊടുത്തു. സര്‍ക്കാരിന്റെ ന്യായമായ അവകാശവാദങ്ങള്‍ കോടതിമുമ്ബാകെ കൊണ്ടുവരുന്നതില്‍ അതിഗുരുതരമായ വീഴ്ച വരുത്തി. മുതലാളിത്ത ശക്തികള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണെന്ന് ഇതിലൂടെ തെളിയിച്ചു. ഈ കേസില്‍ അപ്പീല്‍ കൊടുക്കുമെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമായി ഈ കേസ് നടത്തും എന്നതില്‍ ആശങ്കയുണ്ട്.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്ന ക്വാറി മാഫിയ സംഘങ്ങള്‍ക്ക് വേണ്ടി പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് എത്രമാത്രം ഇളവുകളാണ് നല്‍കിയത്. സ്വന്തം രക്തസാക്ഷികളെ തന്നെ വഞ്ചിച്ചുകൊണ്ട് സ്വാശ്രയ കോളേജ് മുതലാളിമാര്‍ക്ക് വിടുവേല ചെയ്തുവരുന്ന ഈ സര്‍ക്കാരിന് ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് അവകാശപ്പെടാനാകില്ല. നരേന്ദ്രമോദിയുടെ കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ മറ്റൊരു പതിപ്പാണ് പിണറായി സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില മോഡി അന്യായമായി വര്‍ദ്ധിപ്പിക്കുമ്ബോള്‍ അതിലൂടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിച്ച്‌ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാത്ത ഈ സര്‍ക്കാരിന്റെ നിലപാടിലെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. നിത്യോപയോഗ സാധനവില കുറയ്ക്കുന്നതില്‍ നരേന്ദ്രമോഡിയെ പോലെ പിണറായി സര്‍ക്കാരും തികഞ്ഞ പരാജയമാണ്.

പ്രചരണങ്ങളിലൂടെ ഭരണപരാജയത്തെ മറച്ചുവയ്ക്കാനാകില്ല. അനുഭവങ്ങളിലൂടെ ഇതെല്ലാം തിരിച്ചറിയുന്ന ജനങ്ങളെ കബളിപ്പിക്കാനുമാകില്ല. തെറ്റുകള്‍ തുറന്നു സമ്മതിച്ച്‌ തിരുത്തുന്നതിന് പകരം കള്ള പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമങ്ങളുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും ശ്രമമെങ്കില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചടിയായിരിക്കും ഫലം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *