ഹൈദരാബാദ്: ജോലിയില്‍നിന്നു വിരമിച്ച മാതാപിതാക്കളെ മക്കള്‍ വീടിനു പുറത്താക്കി തല്ലിച്ചതച്ചു. ഹൈദരാബാദിലെ ബോര്ബണ്ഡയിലാണു സംഭവം. ആര്.വെങ്കിടേശ്വരലു, ഭാര്യ വിജയദുര്‍ഗ എന്നിവര്‍ക്കാണു മക്കളുടെ ക്രൂരപീഡനം നേരിടേണ്ടിവന്നത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്ന വെങ്കിടേശ്വരലു, വിരമിച്ചപ്പോള്‍ തനിക്കു ലഭിച്ച ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് വീടു നിര്‍മിച്ചു. മൂന്നു നില വീടിന്റെ ഒന്നാം നിലയില്‍ മക്കളായ ശ്രീകാന്ത്, സുരേഷ് ബാബു എന്നിവരും തറനിലയില്‍ വെങ്കിടേശ്വരലുവും ഭാര്യയും താമസിച്ചു. വീടിന്റെ മൂന്നാംനില വാടകയ്ക്കു നല്കി. വാടകയായി ലഭിക്കുന്ന പണം ഉപയോഗിച്ചാണ് വെങ്കിടേശ്വരലുവും ഭാര്യയും ആവശ്യങ്ങള്‍ നടത്തിയിരുന്നത്.
രണ്ടു വര്‍ഷം മുന്‍പു മുതല്‍ മക്കളും ഇവരുടെ ഭാര്യമാരും വെങ്കിടേശ്വരലുവിനെയും ഭാര്യയെയും പീഡിപ്പിക്കാന്‍ ആരംഭിച്ചു. ഇവരെ വീടിനു പുറത്താക്കി വീട് കൈയടക്കുകയായിരുന്നു ലക്ഷ്യം. ഈ മാസം 12-ന് മക്കളായ സുരേഷും ശ്രീകാന്തും ചേര്‍ന്ന് വെങ്കിടേശ്വരലുവിനെയും ഭാര്യയെയും വീട്ടില്‍നിന്നു വലിച്ചിഴച്ചു പുറത്താക്കി. റോഡിലിട്ട് വെങ്കിടേശ്വരലുവിനെ അടിച്ചു. വടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. വെങ്കിടേശ്വരലുവിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച വിജയ ദുര്‍ഗയ്ക്കും മര്‍ദനമേറ്റു.
ഇതോടെ വെങ്കിടേശ്വരലുവും ഭാര്യയും ജൂബിലി ഹില്‍സ് പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മക്കള്‍ക്കും ഇവരുടെ ഭാര്യമാര്ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം, തുടരുകയാണെന്നുമാണ് പോലീസ് ഭാഷ്യം.
