മലബാറിനെ ഭീതിയിലാഴ്ത്തി നീപ്പ വൈറസ്

കോഴിക്കോട്: നീപ്പ വൈറസ് മലബാര്‍ മേഖലയുടെ ആരോഗ്യരംഗത്ത് ഭീതി പരത്തുന്നു. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധയേറ്റ് ഇതിനകം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറു പേര്‍ മരിച്ചതോടെയാണ് ഭീതി വളരുന്നത്. കോഴിക്കോട് ജില്ലയില്‍ ആദ്യം കണ്ട വൈറസ് ബാധ മലപ്പുറം ജില്ലയിലേക്ക് വ്യാപിച്ചത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍തൊടി വേലായുധന്‍ എന്ന സുന്ദരന്‍ (48) മരിച്ചതോടെ വിവിധ ജില്ലകളില്‍ വൈറസ് ബാധക്കുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നുണ്ട്.വിവിധ ജില്ലകളില്‍ നിന്നായി മുപ്പതോളം പേര്‍ കോളിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള പനി ബാധിച്ച് ചികില്‍സയിലുമാണ്.മലപ്പുറം ജില്ലയില്‍ വൈറസ് ബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ടു പേരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് പുറമെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും വൈറസ് ബാധയേറ്റ് ചിലര്‍ ചികില്‍സ തേടിയിട്ടുണ്ട്.

വവ്വാലില്‍ നിന്നോ പന്നിയില്‍ നിന്നോ ജനിതകമാറ്റം സംഭവിച്ചുണ്ടായ നീപ്പാ വൈറസ് മനുഷ്യനിലേക്ക് വേഗത്തില്‍ പകരാനും മനുഷ്യര്‍ക്കിടയില്‍ പരസ്പരം പകരാനും സാധ്യതയുള്ളതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.വവ്വാലുകള്‍ കടിച്ച മാങ്ങ,മറ്റുപഴങ്ങള്‍ എന്നിവ മനുഷ്യന്‍ ഭക്ഷിക്കാനിടയായാല്‍ വൈറസ് ബാധയേല്‍ക്കും. പന്നി ഫാമുകളില്‍ നിന്നും വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യകളുണ്ട്. വൈറസ് ബാധയേറ്റവരെ ചികില്‍സിക്കുന്നവരിലേക്കും പരിചരിക്കുന്നവരിലേക്കും വൈറസ് പകരുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പ്രവേശിപ്പിച്ച രണ്ടു പേര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരെ ശുശ്രൂഷിച്ച നഴ്‌സിനും വൈറസ് ബാധയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. മനുഷ്യശരീരത്തില്‍ കടക്കുന്ന വൈറസിനെ പെട്ടെന്ന് നിര്‍വ്വീര്യമാക്കാനായില്ലെങ്കിലും മരണം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.കടുത്ത പനി ബാധിച്ച് തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥയാണ് വരുന്നത്.

വൈറസിന്റെ വ്യാപനം വിവിധ പ്രദേശങ്ങളിലേക്ക് കടക്കുന്നതായി സംശയം ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയിലാണ്.സംസ്ഥാന ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ ആരംഭിച്ചതോടൊപ്പം ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും ഇതു സംബന്ധിച്ച് പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഐ.എം.എ. ഡോക്ടര്‍മാരുടെ വിദഗ്്ദ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നീപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നകളെ കുറിച്ച് ആരോഗ്യമേഖലയിലും കാര്യമായ സംവിധാനങ്ങളില്ല.

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നുകളാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നല്‍കി വരുന്നത്. പേരാമ്പ്രയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ആരോഗ്യക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധയെ കുറിച്ച് പഠിക്കാന്‍ ദല്‍ഹിയില്‍ നിന്നുള്ള വിദഗ്്ദ സംഘം എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *