കോഴിക്കോട്: കൊലയാളി വൈറസ് ഭീതി വിട്ടൊഴിയുന്നില്ല. നിപ പനി ലക്ഷണവുമായി രണ്ടുപേരെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പാലാഴി സ്വദേശിയെ പരിചരിച്ചവരാണ് രോഗലക്ഷണങ്ങളുമായി ഇന്ന് രാവിലെ ആശുപത്രിയിലെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗ ബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം ഇന്നും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
രോഗബാധയേറ്റവര്‍ക്ക് ഏതു രീതിയിലുള്ള ചികിത്സയാണ് നല്കേണ്ടതെന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കുകയാണ് കേന്ദ്രസംഘം. മരണപ്പെട്ടവരില്‍ പത്തുപേര്‍ക്ക് നിപ വൈറസ് തന്നെയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ആകെ 12പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം മരിച്ച ചങ്ങരോത്തെ മുഹമ്മദ് സാബിത്തിന്റെ രക്ത സാമ്ബിളുകള്‍ പരിശോധനയ്ക് അയച്ചിരുന്നില്ല. സൂപ്പിക്കടയിലെ മൂസ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വൈറസ് പകര്‍ന്നത് വവ്വാലില്‍നിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ഇനിയും ലഭിച്ചിട്ടില്ല. ആദ്യം വൈറസ് പകര്‍ന്നുവെന്ന് കരുതുന്ന സൂപ്പിക്കടയിലെ മൂസയുടെ കിണറില്‍ നിന്ന് ശേഖരിച്ച വവ്വാവുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ച പുറത്തുവിടും.
മലപ്പുറം ജില്ലയിലുള്ള മൂന്നുപേരിലും രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലും ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രത പാലിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെയും സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരെയും നിരീക്ഷിച്ചുവരുന്നുണ്ട്. ചികിത്സയിലുള്ള ആറ് പേര്‍ക്ക് വൈറസ് ബാധയില്ലെന്നത് ആല്പം ആശ്വാസത്തിന് വക നല്‍കുന്നതാണ്. നിപ വൈറസ് സംബന്ധിച്ച സംശയങ്ങളുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്ബറായ 1056ല്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു.
