ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്നേഹിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആഹ്വാനം ചെയ്തു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എസ്എന്‍ഡിപിയുടെ നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.
സമുദായ സ്നേഹികളായ സ്ഥാനാര്‍ഥികള്‍ ആരാണെന്ന് എസ്എന്‍ഡിപി യോഗത്തിലുള്ളവര്‍ക്ക് നന്നായി അറിയാം. ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശം എസ്എന്‍ഡിപി അംഗങ്ങള്‍ക്ക് നല്കി കഴിഞ്ഞു. നാല്‍പ്പതിനായിരത്തിലേറെ വോട്ടുകളുള്ള പിന്നോക്ക വിഭാഗമാകും ചെങ്ങന്നൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുക എന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
മനസാക്ഷി വോട്ടിനാണോ ആഹ്വാനം എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, സമുദായ സ്നേഹികള്‍ക്കാണ് വോട്ടെന്ന മറുപടിയാണ് വെള്ളാപ്പള്ളി നല്‍കിയത്. ആരുടെയും പേരെടുത്ത് പിന്തുണ പ്രഖ്യാപിക്കാനും അദ്ദേഹം തയാറായില്ല.
ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍തൂക്കമുണ്ടെന്ന മുന്‍ പ്രസ്താവനയും അദ്ദേഹം തള്ളി. ഇപ്പോള്‍ മൂന്ന് സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമാണ് പ്രചാരണം നടത്തുന്നതെന്നും ജനം ആരെയാണ് വിജയിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സജി ചെറിയാനാണ് മുന്‍തൂക്കമെന്ന് താന്‍ മുന്‍പ് പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങളുടെ വ്യാഖ്യാനമായിരുന്നു. പ്രചരണത്തില്‍ ഇടത് സ്ഥാനാര്‍ഥിക്ക് മുന്‍തൂക്കമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇപ്പോള്‍ മൂന്ന് മുന്നണികളും ശക്തമായ സാന്നിധ്യമായി ത്രികോണ മത്സരത്തിന് കളമൊരിങ്ങിയെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
