വാഴക്കുല മോഷണം: നാലു യുവാക്കള്‍ പിടിയില്‍

തേഞ്ഞിപ്പലം: ഭൂമി പാട്ടത്തിനെടുത്ത് വിളയിച്ച വാഴക്കുലകള്‍ മോഷ്ടിച്ച കേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം കരുവണ്ടി കുന്നത്തീരി മുബഷീര്‍ (22), തേഞ്ഞിപ്പലം പുറംകണ്ടി വീട്ടില്‍ ഷിജു (22), തേഞ്ഞിപ്പലം ചാലിയില്‍ ജിഷ്ണു സുഗുണന്‍ (19), പരപ്പനങ്ങാടിക്കടുത്ത് ചെട്ടിപ്പടി പടിഞ്ഞാറെ കൊളപ്പുറത്ത് കിഷോര്‍ (19) എന്നിവരാണ് പിടിയിലായത്.

വെളിമുക്ക് വൈക്കത്ത് പാടം സ്വദേശി കോലോത്ത് മാട്ടില്‍ ശ്രീധരന്‍ തേഞ്ഞിപ്പലം നീരോല്‍പ്പാലത്ത് സ്ഥലം പാട്ടത്തിനെടുത്ത് ചെയ്യുന്ന കൃഷിയിടത്തില്‍ നിന്നു 17200 രൂപ വില വരുന്ന 25 വാഴക്കുലകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കാലിക്കട്ട് യൂണിവേഴ്‌സിറ്റി കാമ്പസിലെ ആള്‍ താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചു വച്ച വാഴക്കുലകള്‍ മുബഷീറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 65 കെ 466 നമ്പര്‍ ഇയോണ്‍ കാറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ പോലീസ് പിടികൂടുകയായിരുന്നു.

മോഷണത്തിനു ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിഷോര്‍, ഷിജു എന്നിവര്‍ക്കെതിരെ കോഴിക്കോട് നല്ലളം, ഫറോക്ക്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസുകളുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് തേഞ്ഞിപ്പലം പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *