ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കൊഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചില്‍ പങ്കെടുക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് വക്താവ് സന്തോഷ് ജായാണ് ചലഞ്ചിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റ് ചെയ്ത് ചലഞ്ചിന്റെ ഭാഗമാകാന്‍ മോദിയോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് തന്റെ വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത് ചലഞ്ച് ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിംഗ് ധോണി, ഭാര്യ അനുഷ്ക ശര്‍മ എന്നിവരോട് വിരാട് കൊഹ്ലി ആവശ്യപ്പെട്ടത്. മൂന്ന് പേരും ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്യൂവല്‍ ചലഞ്ചുമായി രംഗത്തെത്തി. രാജ്യത്തെ ഇന്ധനവില കുറയ്ക്കാന്‍ മോദി ഇടപെടണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേരാണ് വിവിധ ചലഞ്ചുകളുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. തൂത്തുക്കുടി വെടിവയ്പില്‍ പ്രതികരിക്കണം, അതിര്‍ത്തിയില്‍ പാകിസ്ഥാന് നടത്തുന്ന അതിക്രമങ്ങളില്‍ ഇടപെടണം, വിളകള്‍ വില്ക്കാന് ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടണം, സ്ഥാനമേറ്റെടുത്തതിന് ശേഷം ഇതുവരെ നടത്താതിരുന്ന വാര്‍ത്താ സമ്മേളനം വിളിക്കണം തുടങ്ങിയവയൊക്കെയാണ് സോഷ്യല്‍ മീഡിയ മോദിയോട് ആവശ്യപ്പെടുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും ദളിതുകള്‍ അക്രമിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും കൂടി ചലഞ്ച് ഏറ്റെടുക്കണമെന്ന് ആര്.ജെ.ഡി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ തേജസ്വി യാദവും ആവശ്യപ്പെട്ടു.
