രാജഭരണമല്ല; ജനാധിപത്യമാണ്; ഇനി മേലില്‍ മന്ത്രിമാരെ മുത്തുക്കുടയും താലപ്പൊലിയുമായി എതിരേല്‍ക്കരുത്

 

ഇന്ന് സംസ്ഥാനത്തുള്ളത് രാജഭരണമല്ല, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സര്‍ക്കാരാണ്. അതിനാല്‍ മന്ത്രിമാരെ താലപ്പൊലിയും മുത്തുക്കുടകളുമായി എതിരേല്‍ക്കുകയും വരവേല്‍ക്കുകയും ചെയ്യേണ്ട കാര്യമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കുട്ടികളെ താലമെടുപ്പിച്ചും മുത്തുക്കുട പിടിപ്പിച്ചും ആര്‍ഭാടത്തോടെയുള്ള ആനയിക്കലും സ്വീകരണങ്ങളും ഒഴിവാക്കണമെന്നത് ഇടതുപക്ഷസര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗതീരുമാനമാണ്. ഈ പ്രഖ്യാപിതനയമാണ് താന്‍ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വലിയപറമ്ബ് ഗ്രാമപ്പഞ്ചായത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ പെരുമാറിയെന്നും സ്വീകരിക്കാന്‍ മുത്തുക്കുടകളും വാദ്യമേളവുമായി കാത്തിരുന്ന നാട്ടുകാരെ അവഗണിച്ച്‌ മന്ത്രിയുടെ വാഹനം വേദിക്കരികിലേക്ക് ഓടിച്ചുപോയെന്നും ആക്ഷേപമുണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ മന്ത്രിയെ നേരിട്ട് പ്രതിഷേധമറിയിക്കുകയും ചെയ്തു. മന്ത്രിയെ കുറ്റപ്പെടുത്തികൊണ്ട് സാമൂഹികമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അപ്പോള്‍ത്തന്നെ സംഭവം വാര്‍ത്തയായി. ഈ സാഹചര്യത്തിന്‍ പിലിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ ഹരിതകാര്യാലയം ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് തന്റെ നിലപാട് വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാരിലെ മറ്റു മന്ത്രിമാര്‍ താലപ്പൊലിയും മുത്തുക്കുടയും വാദ്യമേളങ്ങളുമായുള്ള ആനയിക്കല്‍ പരിപാടികളില്‍ നിന്നുകൊടുക്കുന്നുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘മറ്റുമന്ത്രിമാര്‍ എങ്ങനെ ചെയ്യുന്നു അതുപോലെ റവന്യൂ മന്ത്രിയും ചെയ്യണം’ എന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്; ഞാന്‍ നാളെയും ജനങ്ങളോടൊപ്പം ഇറങ്ങിനടക്കേണ്ട ആളാണ്, അതിനാല്‍ ഇത്തരം ആനയിക്കല്‍ പരിപാടികളോടൊന്നും താത്പര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *