സാമ്ബത്തിക പ്രതിസന്ധി, സഹായം അഭ്യര്‍ത്ഥിച്ച്‌ കോണ്‍ഗ്രസ് ജനങ്ങളിലേക്ക്

ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കാന്‍ പാര്‍ട്ടി നാണക്കേട് കരുതേണ്ടെന്ന ശശി തരൂര്‍ എം.പിയുടെ ട്വീറ്റിന് പിന്നാലെ ക്രൗഡ് ഫണ്ടിംഗിന് ഇറങ്ങാന്‍ കോണ്‍ഗ്രസ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചെറിയ സംഭാവനയെന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും സഹായിക്കണമെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആവശ്യപ്പെട്ടു.

2019ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വേണ്ട സാമ്ബത്തിക സ്ഥിതി കോണ്‍ഗ്രസിനില്ലെന്ന് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കാന്‍ കോണ്‍ഗ്രസിന് നാണക്കേടില്ലെന്നാണ് ഈ ഷെയര്‍ വാര്‍ത്ത ഷെയര്‍ ചെയ്‌തുകൊണ്ട് ശശി തരൂര്‍ എം.പി പ്രതികരിച്ചത്. ബി.ജെ.പിയുടെ പണച്ചാക്കുകളുമായി മത്സരിക്കാന്‍ സാധാരണ ജനങ്ങളുടെ സഹായം തേടണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രൗഡ് ഫണ്ടിംഗ് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റതോടെ കോണ്‍ഗ്രസിന് ലഭിച്ചു വന്നിരുന്ന കോര്‍പ്പറേറ്റ് ഫണ്ടുകളില്‍ ഗണ്യമായ കുറവ് വന്നിരുന്നു. 29 ല്‍ 13 സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസിന് നിലവില്‍ മൂന്നിടങ്ങളില്‍ മാത്രമേ ഭരണമുള്ളൂ. 2016-17 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് 225.36 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 1034 കോടിയാണ് കിട്ടിയത്. എന്നാല്‍ വരുമാനത്തേക്കാള്‍ 100 കോടിയോളം രൂപ അധിക ചെലവ് വന്നതായും പാര്‍ട്ടി ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *