നിപ ബാധയില്‍ അനാവശ്യഭീതി വേണ്ടെന്നും എന്നാല്‍ രോഗം നിസാരവത്കരിക്കരുതെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്കി. നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന ഓസ്ട്രേലിയയില്‍ വികസിപ്പിച്ച മരുന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം എത്തിയിട്ടുണ്ടെന്നും ഇതുടന്‍ രോഗികള്‍ക്ക് കൊടുത്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
നിപ വൈറസ് ബാധിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നടന്ന സര്‍വ്വകക്ഷിയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ആസ്ട്രേലിയയില്‍ നിന്നും എത്തിച്ച ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എന്ന ഈ മരുന്ന് 50 ഡോസ് എത്തിയിട്ടുണ്ട്. മരുന്ന് ഇതുവരെ പൂര്‍ണമായും പരീക്ഷിച്ചിട്ടില്ല. അതിനാല്‍ ഇതിന് പേറ്റന്റും ലഭിച്ചിട്ടില്ല. മരുന്നിന്റെ കൂടുതല്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അടക്കം അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.
രോഗം നിയന്ത്രണ വിധേയമാണ്. വ്യാപകമായി പടരുന്നില്ല. 15 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും ഇന്നും പരിശോധനയക്കയച്ച എല്ലാ സാമ്ബിളുകളും നെഗറ്റീവാണ്. ഇന്നലെ മാത്രം 21 സാമ്ബിളുകളാണ് അയച്ചത്. രോഗം കൂടുതല്‍ പകരുന്നില്ല എന്നതിന് തെളിവാണ് ഇതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി ഐസിഎംആറിന്റെ വിദഗ്ധ ടീം എത്തിയിട്ടുണ്ട്.
അവര്‍ കൂടുതല്‍ വവ്വാലുകളില്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ആദ്യ നിപ വൈറസ് രോഗിയാണെന്ന് കരുതുന്ന സാബിത്ത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ടെന്നും ഇയാളുടെ സഞ്ചാരങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു
