അറിയാതെ പറ്റിയ പാപം

തൃത്താല :  വൈലാശേരി അര്‍ജുനന്‍ മൗനത്തിലാണ്.കണ്‍തടങ്ങളില്‍ ദുഖം ഒലിച്ചിറങ്ങിയ കണ്ണീര്‍പ്പാടുകള്‍. കാല്‍ച്ചുവട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന പനമ്പട്ടകള്‍ അവന് വേണ്ട. വേദന വിങ്ങിയ മുഖവുമായി  നാളേറെയായി ഒരേ നില്‍പ്പാണവന്‍,തന്റെ കുത്തേറ്റ് പ്രിയപ്പെട്ട പാപ്പാന്‍ മരിച്ചു വീണ അതേ പറമ്പില്‍ .
പാലക്കാട് ജില്ലയിലെ തൃത്താല ശിവക്ഷേത്രത്തിലെ ഉല്‍സവ നാളില്‍ പാപ്പാനെ കുത്തി കൊന്ന ആനയെ ദിവസങ്ങള്‍ക്ക് ശേഷവും കൊണ്ടു പോകാന്‍ ഉടമസ്ഥനു കഴിഞ്ഞിട്ടില്ല. മരിച്ച ഒന്നാം പാപ്പാന്‍ കൃഷ്ണന്‍കുട്ടി വരാതെ അവിടെ നിന്ന് അനങ്ങില്ലെന്ന ഭാവത്തിലാണ് വൈലാശേരി അര്‍ജുന്‍.
ഉല്‍സവപറമ്പില്‍ ചിലര്‍ വാലില്‍ പിടിച്ച് ശല്യപ്പെടുത്തിയപ്പോള്‍ അര്‍ജുന്‍ വെട്ടിത്തിരിയുകയും കൊമ്പുകള്‍ അബദ്ധത്തില്‍ പാപ്പാന്റെ ദേഹത്ത് കുത്തിക്കയറുകയുമായിരുന്നു. എട്ടു വര്‍ഷമായി തന്നോടെപ്പമുള്ള പാപ്പന്റെ മരണം ആനയെ വല്ലാതെ ദുഖിപ്പിച്ചിരിക്കുന്നു. ഉല്‍സവം കഴിഞ്ഞ് ഒരാഴ്ചയായിട്ടും അര്‍ജുന്‍ തൃത്താല അത്താണിക്കടുത്തുള്ള പറമ്പില്‍ തന്നെ നില്‍ക്കുകയാണ്.ഒന്നാം പാപ്പാന്‍ കുളപ്പുള്ളി സ്വദേശി കൃഷ്ണന്‍കുട്ടിയുമായി അര്‍ജുന് നല്ല അടുപ്പമായിരുന്നു.സംഭവത്തിനു ശേഷം പുതിയ പാപ്പാന്‍ വന്നെങ്കിലും കൂടെ പോകാന്‍ ആന കൂട്ടാക്കിയില്ല. വൈകാതെ ആനയുടെ ദുഖം മാറുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.നിലമ്പൂര്‍ വൈലാശേരി മനയിലേതാണ് അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *