ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഭീഷണി. ആം ആദ്മി സേനയുടെതെന്ന പേരിലാണ് ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തിയത്. ജെഎന്‍യു വിഷയത്തില്‍ യെച്ചൂരി വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് ഭീഷണി.
ഞായറാഴ്ച വൈകുന്നേരം എകെജി ഭവനിലേക്ക് ഫോണില്‍ വിളിച്ചാണ് യെച്ചൂരിയെ ഭീഷണിപ്പെടുത്തിയതെന്ന് എകെജി ഭവന്‍ അധികൃതര്‍ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് എകെജി ഭവന് മുമ്പില്‍ പോലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി.
കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനും ആക്രമിച്ചിരുന്നു. ആംആദ്മി സേന എന്ന പേരിലെത്തിയവരാണ് ഓഫീസിന് നേരെ കല്ലേറ് നടത്തിയത്. ഇവര്‍ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ കൊണ്ട് പാകിസ്താനി ഓഫീസ് എന്ന് എഴുതി വക്കുകയും പാക് വിരുദ്ധ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ജെഎന്‍യു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമാസക്തരായ സംഘപരിവാര്‍ ക്രിമിനലുകള്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവന്‍ ആക്രമിച്ചത്.
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എ കെ ജി ഭവനുമുന്നിലെ വരാന്തയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച് നില്‍ക്കവെയാണ് ആക്രമണം നടന്നത്. ബോര്‍ഡ് വികൃതമാക്കിയശേഷം അക്രമികള്‍ ആക്രോശിച്ചുകൊണ്ട് പാര്‍ടി ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഓഫീസില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് യെച്ചൂരി നിര്‍ദേശം നല്‍കി. പാര്‍ടി പ്രവര്‍ത്തകര്‍ പുറത്തുവന്ന് തടഞ്ഞതോടെ അക്രമികള്‍ പിന്തിരിയുകയായിരുന്നു.
ജെഎന്‍യു സംഭവത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് എ കെ ജി ഭവനുനേരെയും അതിക്രമം. ജെഎന്‍യുവില്‍ ഫെബ്രുവരി ഒമ്പതിന് വിദ്യാര്‍ഥികളുടെ ഒരു സംഘം നടത്തിയ പരിപാടിക്കിടെ എബിവിപി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചു. സമാധാനശ്രമം നടത്തിയ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കന്നയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.
