വയനാട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള വയനാടിന്റെ ദേശീയോത്സവ വേദിയായ വള്ളിയൂര്‍ക്കാവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ത്ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ടൂറിസം വകുപ്പില്‍ നിന്ന് 75 ലക്ഷം രൂപയാണ് ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മ്മാണം, ടോയ്‌ലറ്റ് ബ്ലോക്ക്, നടപ്പന്തല്‍ ടൈല്‍ ഇടല്‍, ചുറ്റമ്പലത്തിനുള്ളില്‍ ഗ്രാനൈറ്റ് പാകല്‍, സൗരോര്‍ജ്ജ വിളക്ക് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കുക. പുതിയ പാര്‍ക്കിംഗ് ഏരിയ വരുന്നതോടെ മുപ്പതിലധികം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സാധിക്കും. ഫെസിലിറ്റേഷന്‍ റൂമോടു കൂടി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി പത്ത് ശുചിമുറികളും തയ്യാറാക്കും. 840 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്.
ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് 23.85 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വള്ളിയൂര്‍ക്കാവ്‌ചെറ്റപ്പാലം ബൈപ്പാസിലെ പ്രധാന പ്രവേശന കവാടം മുതല്‍ പാര്‍ക്കിഗ് ഗ്രൗണ്ട് വരെ 200 മീറ്ററോളം സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 1.8 ലക്ഷം രൂപയും ടോയ്‌ലറ്റ് ബ്ലോക്കിലേക്കുള്ള നടപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 33000 രൂപയും ചെലവഴിക്കും. 16.87 ലക്ഷം രൂപയാണ് പാര്‍ക്കിംഗ് ഏരിയ നവീകരണത്തിന് വകയിരുത്തിയിട്ടുള്ളത്. 940 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പാര്‍ക്കിംഗ് ഏരിയ ഒരുങ്ങുന്നത്. സബ് കളക്ടര്‍ ശീറാം സാംബശിവറാവു ഡിസംബറില്‍ ക്ഷേത്രം സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായാണ് ജനുവരി ആദ്യവാരം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിതി കേന്ദ്രയിലൂടെ നടപ്പാക്കാന്‍ ആരംഭിച്ചത്. മന്ത്രി പി.കെ.ജയലക്ഷ്മിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മികച്ച പിന്തുണയും ഇവര്‍ക്കൊപ്പമുണ്ട്.
ഉത്സവകാലമാകുന്നതോടെ ജില്ലയിലെത്തി ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ധാരളമാണ്. കോട്ടയം രാജവംശവുമായി ബന്ധപ്പെട്ടതാണ് വള്ളിയൂര്‍ക്കാവിന്റെ ചരിത്രം. വള്ളിയില്‍ തൂങ്ങിക്കിടക്കുന്ന വാളുമായി ബന്ധപ്പെട്ടതാണ് ഐതീഹ്യം. ജലദുര്‍ഗ്ഗയായും വനദുര്‍ഗ്ഗയായുമാണ് വളളിയൂരമ്മ കുടികൊള്ളുന്നത്. മാര്‍ച്ച് 14 മുതല്‍ ആരംഭിക്കുന്ന ആറാട്ടു മഹോത്സവത്തിന് മുന്നോടിയായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ് നിര്‍മ്മിതി കേന്ദ്ര.
