മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് റെഡി. കോണ്‍ഗ്രസോ? ചോദിക്കുന്നത് പി.കെ.കുഞ്ഞാലികുട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി റെഡിയാകേണ്ടത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം സൂചന നല്‍കി. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചതായി പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു. കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. യു.ഡി.എഫിലെ മറ്റു കക്ഷികള്‍ കൂടി റെഡിയാകാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. യു.ഡി.എഫില്‍ പ്രശ്‌നങ്ങലൊന്നുമില്ല. മുസ്‌ലിം ലീഗ് പ്രശ്‌നങ്ങളുണ്ടാക്കില്ല.എന്നാല്‍ മുന്നണിക്ക് അമിത ആത്മവിശ്വാസം പാടില്ല.അദ്ദേഹം പറഞ്ഞു. കേരളയാത്രയുടെ വിജയത്തില്‍ ഞങ്ങള്‍ അഹങ്കരിക്കുന്നില്ല. യു.ഡി.എഫിന്റെ പ്രകടന പത്രിക, സീറ്റ് വിഭജനം എന്നീ കാര്യങ്ങള്‍ മുന്നണിയിലെ ഘടകകക്ഷികള്‍ കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗിന്റെ കേരള യാത്ര വന്‍ വിജയമായിരുന്നെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. യാത്രയുടെ സന്ദേശം കേരള സമൂഹം ഏറ്റെടുത്തു. സാംസ്‌കാരിക നായകര്‍, ആധ്യാത്മിക നേതാക്കള്‍ എന്നിവര്‍ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ചു. യു.ഡി.എഫ് നേതാക്കള്‍ പലയിടങ്ങളിലും പങ്കെടുത്തു. യാത്രയെ കുറിച്ച് എ.കെ.ആന്റണിയടക്കം നല്ല അഭിപ്രായം പറഞ്ഞെന്നും കെ.പി.എ.മജീദ് പറഞ്ഞു.
