പത്തനംതിട്ട: കേരളത്തില്‍ എത്ര വിമാനത്താവളങ്ങളുണ്ട് ? എത്ര മെഡിക്കല്‍ കോളേജുകളുണ്ട് ? തുറമുഖങ്ങളേതെല്ലാം ? നീര കര്ഷകന് ഒരു തെങ്ങില്‍ നിന്ന് ലഭിക്കുന്ന വരുമാനം ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്ര ബാറുകളാണ് അടച്ചുപൂട്ടിയത് ?……… ഇങ്ങനെ നിരവധി ചോദ്യങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ കോന്നിയിലെയും പത്തനംതിട്ടയിലെയും ജനങ്ങള്‍ ഒട്ടും പതറാതെ ഉടനടി മറുപടി നല്കി ചോദ്യകര്‍ത്താവിനെ അമ്പരപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി ജില്ലയില്‍ പര്യടനം ആരംഭിച്ചു. വികസന ചോദ്യങ്ങള്‍ക്ക് മേമ്പൊടിയായി അവതരിപ്പിച്ച ഫ്ളാഷ് മോബും കാഴ്ചകള്‍ക്ക് ആസ്വാദകരമായി. ‘വികസനം…. വികസനം…..’ എന്നു തുടങ്ങുന്ന ഗാനത്തിന് തിരുവനന്തപുരം നക്ഷത്രയുടെ 12 നര്‍ത്തകരാണ് ചടുലനൃത്തം അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ഗാനത്തിലൂടെ ജനങ്ങള്‍ക്കു മുന്നിലെത്തിച്ചത്.
കോന്നി ടാക്സി സ്റ്റാന്‍ഡിലും, പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലും നടന്ന പരിപാടി ചെറുപ്പക്കാരുടെയും പ്രായം ചെന്നവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എത്ര ബാറുകളാണ് സര്‍ക്കാര്‍ പൂട്ടിയതെന്നും ഇനി എത്രണ്ണം പൂട്ടണമെന്നുമുള്ള ചോദ്യത്തിന് കോന്നിയില്‍ കൃത്യമായി മറുപടി നല്കി ഒരാള്‍ തന്നെ രണ്ട് സമ്മാനങ്ങള്‍ നേടിയത്. ജനങ്ങളില്‍ ചിരിയുളവാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ കൈപ്പുസ്തകങ്ങളും ജനങ്ങള്‍ക്ക് വിതരണം ചെയ്തു. അടൂര്‍, റാന്നി, തിരുവല്ല എന്നിവിടങ്ങളില്‍ ഇന്ന് (ഫെബ്രു.25) പരിപാടി നടക്കും.
