മലപ്പുറം: പഠന വിനിമയ പരിപാടിയുടെ ഭാഗമായി മൂന്ന് ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍ മലയാളസര്‍വകലാശാല കാമ്പസില്‍ എത്തി. ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള പഠന പദ്ധതിയുടെ ഭാഗമായിട്ടാണ് ലിസ ഫ്രീഡ്ല്‍, ജൂലിയ മറിയ, യാന എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒരുമാസത്തെ പഠനത്തിനായി എത്തിയത്. മലയാളഭാഷയും കേരളസംസ്‌കാരവും ചരിത്രവും പഠിച്ചറിയുകയാണ് ലക്ഷ്യം. സര്‍വകലാശാലയുടെ രണ്ട് വിദ്യാര്‍ത്ഥികളെ പദ്ധതിയുടെ ഭാഗമായി ജര്‍മനിയിലേക്കും അയക്കുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു. ജര്‍മനിയിലെ ബൃഹത്തായ ഗുണ്ടര്‍ട്ട് പഠനശേഖരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചത്.
പ്രകൃതിപഠന ക്യാമ്പ്
മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠന ക്ലബ്ബിന്റെ ഏകദിന പ്രകൃതിപഠന ക്യാമ്പ് 05.03.16 തിരൂര്‍ പച്ചാട്ടിരി നൂര്‍ ലേക്കില്‍ നടക്കും. ഇരുപത് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പരിസ്ഥിതിപഠനവിഭാഗം അസി. പ്രൊഫസര്‍ ആര്‍.എം. ഹിദായത്തുള്ള നേതൃത്വം നല്‍കും. ഇക്കോ-ഫിലോസഫി, ഇക്കോ-സോഷ്യോളജി, ഇക്കോ-സ്പിരിച്ച്വാലിറ്റി എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സെടുക്കും.
പുസ്തക പ്രകാശനം
മലയാളസര്‍വകലാശാലയുടെ പരിസ്ഥിതിപഠനവിഭാഗം പ്രസിദ്ധീകരിച്ച ‘പ്രകാശത്തിലേക്ക് വഴിതെളിച്ചവര്‍’ എന്ന ഓണ്‍ലൈന്‍ പുസ്തകത്തിന്റെ പ്രകാശനം രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍ നിര്‍വഹിച്ചു. ഭൗതികശാസ്ത്ര മേഖലയില്‍ പ്രകാശത്തെക്കുറിച്ച് പഠനം നടത്തിയ ഇബ്‌നു ഹൈസം അടക്കമുള്ള ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും ജീവിതവും പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ എഡിറ്റര്‍ അസി. പ്രൊഫസര്‍ ആര്‍.എം. ഹിദായത്തുള്ളയാണ്. ടി.പി. കുഞ്ഞിക്കണ്ണന്റേതാണ് അവതാരിക.
