ആപ്പിലായ ആപ്‌സ്‌ടോക്ക്

കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് സിറ്റി പേജില്‍ സോഷ്യല്‍മീഡിയക്കായി നീക്കിവച്ച കോളംആപ്‌സ്‌ടോക്ക്- മാതൃഭൂമിയെ തന്നെ തിരിഞ്ഞുകുത്തി. പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച് ആരോ സോഷ്യല്‍മീഡിയയില്‍ ഇട്ട കമന്റ് രണ്ടാമതൊന്ന് പരിശോധിക്കാതെ പത്രത്തില്‍ പ്രതിസിദ്ധീകരിച്ചതാണ് മാതൃഭൂമി മാനേജ്മെന്റിന് വിനയായത്.മാധ്യമധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലൂം പാലിക്കാതെ നാഥനില്ലാത്ത കമന്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ പ്രതിഷേധം പുകയുകയാണ്.മുസ്്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് വിവേചനമുണ്ടെന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസ്താവനയെ കുറിച്ചുള്ള പ്രതികരണങ്ങളാണ് ആപ്‌സ്‌ടോക്കില്‍ നല്‍കിയത്.സംഭവ ത്തില്‍ ഖേദം പ്രകടിപ്പിച്ച് ഒന്നാം പേജില്‍ മാതൃഭൂമി വാര്‍ത്ത നല്‍കിയെങ്കിലും കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പത്രത്തിന്റെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.പലയിടത്തും മാതൃഭൂമി ബഹിഷ്‌കരണത്തിനും പത്രം കത്തിക്കുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്.
പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള കമന്റ് യാതൊരു പരിശോധനയും കൂടാതെ അച്ചടിച്ചത് വായനക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്.വാര്‍ത്തകള്‍ വായനക്കാരന്റെ കൈകളിലെത്തും മുമ്പേ അവ പലവട്ടം വായിച്ച് അപാകതയില്ലെന്ന് ഉറപ്പാക്കാന്‍ ജീവനക്കാരും വിവിധ സംവിധാനങ്ങളുമുണ്ടായിട്ടും അത്യന്തം നിന്ദ്യമായ വാക്കുകളാണ് പ്രവാചകനെകുറിച്ച് മാതൃഭൂമിയില്‍ വന്നത്.മുസ്്‌ലിം മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് മാതൃഭൂമി മാനേജ്്‌മെന്റ് അംഗീകരിക്കുന്നുണ്ടെങ്കിലും അക്ഷന്തവ്യമായ അശ്രദ്ധ വരുത്തിയവര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. മാത്രമല്ല,സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടത് ആരെന്ന് മാതൃഭൂമി വെളിപ്പെടുത്തിയിട്ടുമില്ല.
മാതൃഭൂമിയുടെ പരാമര്‍ശത്തെ അപലപിച്ച് പിണറായി വിജയന്‍,പി.കെ.കുഞ്ഞാലികുട്ടി എന്നിവര്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.വിവിധ മുസ്്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃഭുമിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *