കൊച്ചി: അമ്മയെ ശുശ്രൂഷിച്ചിരുന്ന ഹോം നഴ്സ് മകനെ കുത്തിക്കൊന്നു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
പല്ലിശേരി റോഡില്‍ കെല്ലാപറമ്ബില് വീട്ടില്‍ തോബിയാസ് (34) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഹോം നഴ്സും തൃശൂര്‍ സ്വദേശിയുമായ ലോറന്‍സിനെ (54) പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് മണിയോടെ മരണം സംഭവിച്ചു. തോബിയാസിന്റെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെ ശുശ്രൂഷിക്കാനാണ് ഹോം നഴ്സായ ലോറന്‍സിനെ ചുമതലപ്പെടുത്തിയത്.തോബിയാസ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ലഹരിയില്‍ പലപ്പോഴും ഇയാള്‍ വീട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
കൃത്യം നടന്ന ദിവസവും ഇത്തരത്തില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കത്തിക്കുത്തില്‍ കലാശിച്ചെന്നുമാണ് പൊലീസ് നിഗമനം. പാലാരിവട്ടം എസ്.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തോബിയാസ് അവിവാഹിതനാണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.
