ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ മുന്നോക്കക്കാര്‍ക്കായി സംസാരിക്കുന്നത്: തോമസ് ഐസക്ക്

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്‌. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഐഎം എതിര്‍ക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോള്‍ മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സാമ്ബത്തികസംവരണമെന്ന ചീട്ടിറക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്, 
കൊച്ചി> ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം തൊഴില്‍മേഖലയിലാണ്. ഒരുവര്‍ഷം രണ്ടുകോടി തൊഴിലുണ്ടാക്കുമെന്നു പറഞ്ഞവരുടെ ഭരണത്തില്‍, കഴിഞ്ഞവര്‍ഷം ഇല്ലാതായത് ഒരു കോടിയിലേറെ തൊഴിലുകളാണ്. തൊഴില്‍ മുരടിപ്പിന്റെ വസ്തുതകള്‍ പുറത്തുവരുന്നതു ഭയന്നാണ്‌ കണക്കുകള്‍ മൂടിവെച്ചിരിക്കുന്നത്. ആ ബിജെപിയാണ് ഇപ്പോള്‍ തൊഴിലില്ലായ്മയ്ക്കു പരിഹാരമായി മുന്നോക്കക്കാര്‍ക്കു കൂടി സംവരണം കൊണ്ടുവരുന്നത്. 

തൊഴിലില്ലായ്മയ്ക്കു പരിഹാരമല്ല സംവരണം എന്നു മനസിലാക്കണം.എന്നാല്‍ ഇതിനര്‍ത്ഥം സംവരണം നിരര്‍ത്ഥകമാണെന്നല്ല.കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണ്. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഐഎം എതിര്‍ക്കുന്നു.

ജാതിമേല്‍ക്കോയ്മയുടെ ഇരകളായി, സാമൂഹികമായും സാമ്ബത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഇനിയും ഇന്ത്യയില്‍ ലഭ്യമായിട്ടുമില്ല. അടിച്ചമര്‍ത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നടപ്പാക്കുന്നതിനും കേന്ദ്രനിയമനങ്ങളില്‍ കുറച്ചെങ്കിലും അവസരം നല്‍കുന്നതിനുമുള്ള കാല്‍വെയ്പായിത്തന്നെയാണ് സിപിഐ എം മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ സമീപിച്ചത്.

പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുക എന്ന ആശയം മുന്നോക്കസമുദായങ്ങളിലെ പുരോഗമനവാദികളെക്കൊണ്ട് അംഗീകരിപ്പിക്കാനും കമ്മ്യൂണിസ്റ്റുകാരാണ് മുന്‍കൈയെടുത്തത്. 1930കളില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം എന്ന തര്‍ക്കം തിരുകൊച്ചി സംസ്ഥാനങ്ങളിലെ ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നപ്പോള്‍ മുതല്‍ കമ്മ്യൂണിസ്റ്റു നേതാക്കള്‍ സ്വീകരിച്ച സമീപനം ഇതാണ്.

ഇതേ സമയം തന്നെ, പിന്നോക്കവിഭാഗങ്ങളില്‍ സാമ്ബത്തികമായി വളരെ ഉയര്‍ന്നു നില്‍ക്കുന്നവരെ സംബന്ധിച്ചും പാര്‍ടി നിലപാടു സ്വീകരിച്ചു. ജാതീയമായ പിന്നോക്കാവസ്ഥ അംഗീകരിക്കുമ്ബോള്‍ത്തന്നെ, ജാതിയ്ക്കുള്ളില്‍ വര്‍ഗപരമായ വിഭജനം ഉണ്ട് എന്ന യാഥാര്‍ത്ഥ്യവും കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍ക്കൊള്ളുന്നു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെക്കുറിച്ചല്ല ഈ നിലപാട്. മറ്റു പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചാണ് ഈ വിഷയം ഉയര്‍ന്നു വന്നത്. മറ്റു പിന്നോക്കവിഭാഗങ്ങളില്‍ പരമ്ബരാഗതമായും അല്ലാതെയും രൂപപ്പെട്ട ഒരു സമ്ബന്നവര്‍ഗമുണ്ട്. അവരെക്കാള്‍ മുന്‍ഗണന അതേസമുദായത്തിലെ പാവങ്ങള്‍ക്കു നല്‍കണമെന്ന് പാര്‍ടി ആവശ്യപ്പെടുന്നു. 

എന്നാല്‍, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ അഭാവത്തില്‍, ആ സമുദായത്തിലെ സാമ്ബത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ പരിഗണിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു.1970കളില്‍ പുറത്തുവന്ന നെട്ടൂര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഈ അഭിപ്രായത്തിന് സ്ഥിരീകരണം നല്‍കി.വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സിപിഐ എം സംവരണത്തെ സംബന്ധിച്ച ഒരു നിലപാടെടുത്തു. അതില്‍ മൂന്നു ഘടകങ്ങളാണ് ഉണ്ടായിരുന്നത്.

എ) എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് ജാതീയമായ അടിസ്ഥാനത്തില്‍ തന്നെയുള്ള സംവരണം തുടരേണ്ടതാണ്.

ബി) എന്നാല്‍ പിന്നോക്ക ജാതികളില്‍ സംവരണാനുകൂല്യം ലഭിക്കുന്നതില്‍ മുന്‍ഗണന അതത് സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് നല്‍കണം. അവരില്‍ യോഗ്യരായവര്‍ വേണ്ടത്ര ഇല്ലെങ്കില്‍ അതത് സമുദായങ്ങളിലെ മറ്റുള്ളവര്‍ക്ക് അതു നല്‍കുകയും വേണം. (ഇത് അതാത് സമുദായത്തിനു ലഭിച്ചുപോരുന്ന സംവരണം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്)

സി) മുന്നോക്ക ജനവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചെറിയ ശതമാനം സംവരണം ഏര്‍പ്പെടുത്തണം. ഇത്തരമൊരു പ്രായോഗിക സമീപനമാണ് പാര്‍ടി സ്വീകരിക്കുന്നത്.’

‘സംവരണം സംബന്ധിച്ചുള്ള പാര്‍ടിയുടെ നിലപാട് 1990ലെ രാഷ്ട്രീയ സ്ഥിതികള്‍ സംബന്ധിച്ച കേന്ദ്രക്കമ്മിറ്റി രേഖ (4/11/1990) യില്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംവരണവിരുദ്ധ പ്രക്ഷോഭങ്ങളെ ശക്തമായി എതിര്‍ത്തുകൊണ്ട്, കര്‍പ്പൂരി ഠാക്കൂര്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ അഭിപ്രായ സമന്വയം സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ട ഈ രേഖയില്‍ കൃത്യമായി ഇപ്രകാരം പറയുന്നു:

”സംവരണത്തിന് അര്‍ഹതയില്ലാത്ത ജാതി വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് 5 മുതല്‍ 10 ശതമാനം വരെ ശതമാനം സംവരണം ചെയ്യുക എന്ന നിര്‍ദ്ദേശത്തെ നാം അംഗീകരിച്ചിട്ടുണ്ട്’.

ഇത് പാര്‍ടിയുടെ പ്രഖ്യാപിത നയമാണ്. നടപ്പാക്കുമ്ബോള്‍ സ്വാഭാവികമായും സാമ്ബത്തിക പിന്നോക്കവസ്ഥ എന്ത് എന്ന് നിര്‍വചിക്കേണ്ടി വരും. അതിന്റെ സാമ്ബത്തിക പരിധിയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രസക്തമാണ്.

അതോടൊപ്പം തിരിച്ചറിയേണ്ടുന്ന ഒരു കാര്യം, സംവരണകാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലായ്മയും മനസിലാക്കേണ്ടതുണ്ട്. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ 1930കള്‍ മുതല്‍ ശ്രമിച്ചവരാണ് ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍. ഇന്ത്യയില്‍ പലപ്പോഴായി നടന്ന സംവരണവിരുദ്ധ സമരങ്ങള്‍ക്കു പിന്നിലും സംഘപരിവാര്‍ ആയിരുന്നു എന്ന കാര്യവും മറന്നുകൂടാ.

പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോള്‍ മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സാമ്ബത്തികസംവരണമെന്ന ചീട്ടിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *